Tuesday, October 23, 2012

മൌനത്തിന്റെ
ആഴങ്ങളിലേക്ക്
തുടരെ  ഊളിയിടുകയാണ്
 മനസ്സ്..
സങ്കടകടലിലെ
ചുഴികളില്‍ പെട്ടു,
ഭ്രാന്തന്‍ചിന്തകളുടെ
നിലയില്ലാകയങ്ങളില്‍,
മുങ്ങി ശ്വാസം പിടയുന്ന
 എന്റെ ജീവനും...
പുലര്‍കാല സ്വപ്നങ്ങള്‍ക്ക്
 ഇപ്പോള്‍ മരണത്തിന്‍റെ
 തണുപ്പും ചുടലയുടെ തീ ഗന്ധവും..
 എന്‍റെ ചിന്തകളുടെ
ആഴം അളന്നു ഇല്ലാതാവാന്‍
 ഇന്നലെയും
 എനിക്കു കൂട്ടായ് വന്നിരുന്നു
 ഒരു നനുത്ത മഞ്ഞുകണം പോലെ.
 നാളെയിലേക്ക് ഉണര്‍ത്തു പാട്ടായി...
ചക്രവാളമിപ്പോള്‍ ചുവക്കാറില്ല ചക്രവാകപ്പക്ഷികള്‍ കരയാറില്ല ചക്രവാതങ്ങളിപ്പോള്‍ വീശാറില്ല.... ഉരുകുന്ന സൂര്യനും മൌനമുണ്ണുന്ന പക്ഷികളും ചലനമറ്റ ഉഷ്ണവാതങ്ങളും വരളുന്നസന്ധ്യയും മാത്രം... വരണ്ടൊഴുകുന്ന കാലത്തിന്‍ സാക്ഷ്യപത്രമായി ഇരുളുന്ന കാഴ്ചകളും ഊഷരമാമെന്‍ മനസ്സും ഏകാന്തതയും ഞാനും...

Friday, June 8, 2012

മരണം മണക്കുന്ന ആ ഐ സി യു ശീതിളിമയില്‍ മസ്തിഷ്കം അവസാന തുടിപ്പിനെ വാരിപ്പുണര്‍ന്നപ്പോള്‍, മറ്റാര്‍ക്കോ വഴികാട്ടുവാന്‍ വിധിച്ചുകൊണ്ട് വേര്‍പ്പെട്ടുപോകുന്ന ആ മിഴികള്‍, രണ്ടുതുള്ളി പൊഴിച്ചു.. ഹൃദയം ഒന്നു പിടച്ചു.. അത് ദേഹിയെ വിട്ടൊഴിയുന്ന നൊമ്പരമോ ....? അതോ മറ്റൊരു ദേഹത്തിലേക്കുള്ള കൂടുമാറ്റത്തിന്‍ മനം നൊന്തുള്ള പിടച്ചിലോ ... ?
ഇരുള്‍ വീണ ആകാശത്തില്‍ ഭൂമിയെ പെയ്തൊഴിയാന്‍ വെമ്പി നിന്ന കാര്‍മേഘം പോലെ എന്റെ മിഴിയില്‍ കൂടു കൂട്ടുകയാണ് ഒരു കാര്‍മേഘശലകം.. എന്നിലും മഴ പെയ്യിക്കുവാന്‍ എന്നിലെ നൊമ്പരങ്ങള്‍ പെയ്തൊഴിയാന്‍...

Sunday, March 18, 2012

ഒന്ന് ചെവിയോര്‍ത്താല്‍ നിനക്ക് കേള്‍ക്കാം എന്റെ വേനല്‍ പൂക്കുന്നതിന്റെ നിലക്കാത്ത മര്‍മരം,ഒന്ന് നോക്കിയാല്‍ നിനക്ക് കാണാം എന്റെ സ്വപ്നങ്ങളില്‍ നിന്നും നിലാവ് നടന്നു മാഞ്ഞതിന്റെ കാല്‍പ്പാടുകള്‍..ഇപ്പോള്‍ എനിക്ക് ചുറ്റും കനത്ത മൂടല്‍മഞ്ഞിന്റെ നിശബ്ദത മാത്രം..മടക്കയാത്രയ്ക്കുള്ള ആഞ്ജ കര്‍ണ്ണങ്ങളെ അസ്വസ്ഥമാക്കുന്നു.ഇനിയെനിക്ക് വേരുകള്‍ ഇല്ലിവിടെ..മടക്കയാത്ര എന്ന് ഞാന്‍ പറയുന്നുവല്ലേ. ശരിക്കും മരണം ഒരു മടക്കയാത്ര ആണോ? അതൊരു പറിച്ചു നടലല്ലേ? ഒരു പുതിയ ഇടത്തിലേക്ക്, മുന്നേ മടങ്ങിപോയ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു പറിച്ചുനടല്‍"....

ഗുല്‍മോഹര്‍...................

മഴ പെയ്യുന്നു..
പാതകളില്‍ വാകമരത്തിനു
മഴ നനയുന്ന വ്യസനം....
എവിടെ ഞാന്‍ നട്ട പൂക്കള്‍ ,
ഏതു ഹൃദയമാണതു മോഷ്ടിച്ചത്;
ഇനി അത് തിരിച്ചു കിട്ടില്ലെന്നോ?!
എന്റെ പാതകളില്‍ ഇനി നിന്റെ നോട്ടമെല്‍ക്കാതെ
ഋതു മാറാന്‍ കാത്തു ഞാന്‍ തനിയെ...

Saturday, February 18, 2012

യാത്രയില്‍ .......

കഴിഞ്ഞ ആഴ്ച അടുത്ത ഒരു കുടുംബ സുഹൃത്തിന്റെ അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് എനിക്ക് അവിചാരിതമായി തിരുവനന്തപുരം പോവേണ്ടി വന്നു..രാവിലത്തെ ജനശതാബ്ദിക്ക്‌ പോയി അന്ന് വൈകീട്ടത്തെ മലബാറിന് തത്കാല്‍ ബുക്കിങ്ങില്‍ ആയിരുന്നു യാത്ര..വൈകുന്നേരം അഞ്ചര മണിക്ക് പ്ലാട്ഫോമില്‍ ഇരിക്കുമ്പോള്‍ മധ്യവയസായ ഒരു സ്ത്രീ കുറെ ബാഗുമായി അരികില്‍ വന്നിരുന്നു..അവര്‍ എന്നോട് കോഴിക്കോട്ടേക്ക് ആണോ എന്...ന് ചോദിച്ചു പരിചയപെട്ടു, കൂട്ടത്തില്‍ ലേഡീസ് കംബാര്ട്ട്മെന്റില്‍ ആണോ ഇരിക്കുക എന്ന് ചോദിച്ചു.അല്ല എന്ന് പറഞ്ഞപ്പോള്‍ ട്രയിന്‍ വരുമ്പോള്‍ ജനറല്‍ കംബാര്ട്ട്മെന്റ്റ്‌ ഒന്ന് കാണിച്ചു തരണേ എന്നും പറഞ്ഞു..കൂടുതല്‍ സംസാരിച്ചപ്പോള്‍ വയനാട്ടിലാണ് വീട് എന്നും, ഇവിടെ Rcc യില്‍ അനിയത്തി കിടക്കുന്നുന്ടെന്നും, അവരുടെ അടുത്ത് പോയി മടങ്ങുകയാനെന്നും അറിഞ്ഞു.. Rcc എന്ന് കേട്ടപ്പോള്‍ കൂടുതല്‍ ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല..കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങിച്ചപ്പോള്‍ അവര്‍ക്ക് കൂടി വാങ്ങി കൊടുത്തു.വേണ്ട ട്രെയിനില്‍ നിന്നും വാങ്ങി കഴിചോളുമെന്നുഅവര്‍ പറഞ്ഞു എങ്കിലും ഈ ട്രെയിനില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ അവര്‍ കഴികില്ല എന്ന് എനിക്കുറപ്പായിരുന്നു..അല്‍പ്പം കഴിഞ്ഞപ്പോള്‍ അവരെ ആശുപത്രിയിലെ ഒരു ബന്ധു വിളിച്ചു വിവരങ്ങള്‍ അന്വേക്ഷിച്ചു,പേടിക്കണ്ട കോഴിക്കോടേക്ക് കൂടെ ആളുന്ടെന്നു അവര്‍ പറഞ്ഞു.അനിയത്തി ബാര്‍ലി വെള്ളം കുടിച്ചോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ചര്‍ദ്ദിച്ച കാര്യം പറഞ്ഞുവെന്നു തോന്നുന്നു, ആ സ്ത്രീ പൊട്ടി കരയുകയായിരുന്നു..അനിയത്തിക്ക് സീരിയസ് ആണെന്നും ശ്വാസകോശത്തില്‍ ആണ് അസുഖം എന്നും, കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കയാനെന്നും, 35 വയസ്സ് പ്രായമുള്ളൂ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും വല്ലാതായി..വയനാട്ടില്‍ നിന്നും ബസ്‌ കയറി കോഴിക്കോട് എത്തി ട്രെയിനില്‍ തിരുവനന്തപുരം എത്തി, തിരിച്ചു ഇങ്ങോട്ടും പോവുകയാണ് രണ്ടുമാസമായിട്ടു..രാവിലെ കാണാമെന്നും പറഞ്ഞു ,അവരെ ജെനറല്‍ കംബാര്ട്ട്മെന്റില്‍ ഇരുത്തി, എ സി കംബാര്ട്ട്മെന്റില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് മുഴുവന്‍ അവരെയും അനിയത്തിയെയും കുറിച്ചാണ്..എന്തോ ദൈവം എനിക്ക് അവരെ കാണിച്ചു തന്ന പോലെ തോന്നാണ്, കാരണം ഒരു യാത്ര ഉണ്ടാവുമ്പോള്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഉന്നത ക്ലാസ്സുകളില്‍ സഞ്ചരിക്കുന്നു, ജെനെറല്‍ കംബര്‍മെന്റില്‍ ആണോ എന്നാ അവരുടെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഉത്തരം പറയുമ്പോള്‍ എനിക്കൊരു വല്ലായ്മ തോന്നിയിരുന്നു..സത്യത്തില്‍ അവരുടെ വിഷമം കണ്ടപ്പോളും, കേട്ടപ്പോഴും എനിക്ക് എന്നോട് തന്നെ ഒരു തരം പുച്ഛം തോന്നി.. ഒരു ഭാഗത്ത്‌ നമ്മള്‍ എല്ലാ സുഖങ്ങളും അനുഭവിച്ചു ജീവിക്കുമ്പോള്‍, മറുവശത്ത് കഷ്ട്ടപെടുന്നവരും, വേദന തിന്നുന്നവരും..രാവിലെ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ അവര്‍ ഫ്ലൈ ഓവറില്‍ സമീപം എന്നെ കാത്തു നിന്നിരുന്നു..കയ്യില്‍ ഉണ്ടായിരുന്ന ഒരു ചെറിയ തുക അവരുടെ കൈവശം നിര്‍ബന്ധിച്ചു കൊടുത്തപ്പോള്‍ മനസ്സിന് ചെറിയ ഒരു ആശ്വാസം തോന്നി..എന്തോ അവരുടെ നമ്പര്‍ ഞാന്‍ മനപൂര്‍വ്വം വാങ്ങിച്ചില്ല.ഒരു മരണവാര്‍ത്ത കൂടി കേട്ട് വെറുതെ മനസ്സ് വേദനിക്കണ്ട എന്ന് കരുതി..ഇപ്പോള്‍ എന്റെ പ്രാര്‍ഥനകളില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ആ സഹോദരി കൂടിയുണ്ട്, ഞാന്‍ കണ്ട ആ ചെച്ചിയുണ്ട്..പൂര്‍ണമായും അസുഖം ഭേദമാവില്ല എങ്കിലും വേദനകള്‍ കുറഞ്ഞു, ആരോഗ്യം വീണ്ടെടുക്കാന്‍ ദൈവം അവരെ അനുഗ്രഹിക്കട്ടെ..

മടക്ക യാത്രയില്‍......

ഇന്നു അവധിദിവസം ആയതിനാല്‍ എന്റെ പുത്രനെ ഒന്ന് എണ്ണയൊക്കെ തേച്ചു കുളിപ്പിചെടുക്കാന്‍ തിരുമാനിച്ചു..എണ്ണയും കൊണ്ട് പുറകെ ചെന്ന ഉടന്‍ അവന്‍ അയ്യേ എണ്ണയോ എന്നൊരു ചോദ്യം?ഇതു ശരീരത്തിന് നല്ലതാണെന്നും,മസിലുകള്‍ വികസിക്കുമെന്നും പറഞ്ഞപ്പോള്‍, കരാട്ടെക്ക് പോയി ഇപ്പോളെ സിക്സ് പാക്ക്‌ വന്നിട്ടുണ്ടെന്ന് സ്വയം കരുതുന്ന ഈ വിദ്വാന്‍ സമ്മതം മൂളി..എണ്ണയൊക്കെ തേച്ചു കഴിഞ്ഞു ...ഇനി പോയി കുറച്ചു കളിചോന്നു പറഞ്ഞപ്പോള്‍ അവന്‍ നേരെ പോയി ഇരുന്നത് കംബ്യൂട്ടരിനു മുന്നില്‍..ഈ കളിയല്ല പുറത്തുപോയി കളിക്കാന്‍ പറഞ്ഞതും ഉടന്‍ വന്നു മറുപടി ഫ്രെണ്ട്സ് കളിയാക്കുമാത്രേ.ഒടുവില്‍ സോഫയിലും, കട്ടിലിലും കേറി, ചാടി കളിക്കാന്‍ തുടങ്ങിയപ്പോള്‍, ഇരട്ടി പണിയാകുമെന്നു അറിഞ്ഞ ഞാന്‍ പെട്ടെന്ന് തന്നെ കുളിപ്പിച്ച് കൊടുത്തു..തല തുവര്തുമ്പോള്‍ മോന്‍ എന്നെ ചേര്‍ത്തുപിടിച്ചു നിന്നിരുന്നു..ഈ നിമിഷം ഞാന്‍ എന്റെ ബാല്യത്തിലൂടെ ഒന്ന് കടന്നുപോയി..... എന്റെ അമ്മ എന്നെയും, അനിയനെയും ഇങ്ങനെ കുളിപിച്ചു തരുമായിരുന്നു..ദേഹം മുഴുവന്‍ എണ്ണ തേപ്പിക്കും , കണ്ണൊക്കെ എണ്ണ വീണു എരിയും, എന്നിട്ട് പറമ്പിലേക്ക് പറഞ്ഞയക്കും, നാളികേരം പെറുക്കി മുറ്റതു കൊണ്ടിടുക, ഓലമടലും, കൊതുമ്പും,വിറകുപുരയില്‍ കൊണ്ടിടുക,പറമ്പിലെ ചപ്പു,ചാവെലകള്‍ അടിച്ചുകൂട്ടി തീ കത്തിക്കുക ഇവയാണ് ഞങ്ങള്‍ ചെയ്യേണ്ട ജോലികള്‍..ശരീരം നന്നായി വിയര്‍ത്തു കഴിഞ്ഞാല്‍ ചകിരിതുപ്പും,പയറുപൊടിയും ചേര്‍ത്ത് അമ്മ കുളിപ്പിച്ച് തരും.. തല തുവര്തുമ്പോള്‍ അമ്മയെ കെട്ടിപിടിച്ചു ഒരു നില്‍പ്പുണ്ട്, അമ്മയുടെ ദേഹം മുഴുവന്‍ നനഞ്ഞിട്ടുണ്ടാവും, എന്നാലും അമ്മയുടെ വയറിനോട് മുഖം ചേര്‍ത്ത് നില്‍കുമ്പോള്‍ ഉള്ള ആ ഒരു സുഖം,അമ്മയുടെ വിയര്‍പ്പിന് പോലും സ്നേഹത്തിന്റെ ഒരു ഗന്ധം, അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രത്യേകതയാണ്, അമ്മയുടെ മുഴുവന്‍ സ്നേഹവും, വാല്സല്യവും അതില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞിരുന്നു..അത് കഴിഞ്ഞു തേങ്ങാപാലും ചേര്‍ത്ത്,ചൂടുള്ള കഞ്ഞി കോരി തരും അമ്മ,അതിന്റെയൊരു സ്വാദ്‌ ഇപ്പോളും മായാതെ നില്‍ക്കുന്നു... ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗത്തിനും കളിക്കുക എന്ന് വെച്ചാല്‍ അത് കംബ്യൂട്ടര്‍ ഗെയിമുകള്‍ ആണ്. അണുകുടുംബങ്ങള്‍, മിക്കവീട്ടിലും ഒരു കുട്ടി മാത്രം,അടുത്ത വീട്ടിലെ കുട്ടികളുടെ കൂടെ കളിച്ചു വളരാന്‍ അവര്‍ക്ക് സമയമില്ല..ഇനി മാതാപിതാക്കള്‍ കുട്ടികളെ പഴയ ചിട്ടയിലേക്ക് അല്‍പ്പം മാറ്റുവാന്‍ ശ്രമിച്ചാലും, കുട്ടികള്‍ സമ്മതിക്കില്ല കാരണം അവര്‍ അറിവുകളുടെയും, സാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ നമ്മളെക്കാള്‍ ഏറെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു..വിദ്യാഭ്യാസം കച്ചവടമായത്തോടെ വിദ്യാലയങ്ങള്‍ വെറും കെട്ടിടങ്ങള്‍ ആയി മാറുന്നു,അവിടെയും കുട്ടിയുടെ കൂട്ടുകാര്‍ ആയി അവര്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നോ, രണ്ടോ പേര്‍ മാത്രം..ഇതു കുഞ്ഞുങ്ങളുടെ
സ്വഭാവരൂപീകരണത്തെ വളരെ സ്വാധീനിക്കുന്നു.. അവര്‍ യന്ത്രികതയുടെ ലോകത്തില്‍ സ്വയം ഒതുങ്ങികൂടി കൂടുതല്‍ സ്വാര്തരാവുകയല്ലേ? നമുക്ക് മുന്‍പുള്ള തലമുറയ്ക്ക് പറയുവാന്‍ ഏറെയുണ്ടായിരുന്നു , നമുക്കും പറയുവാന്‍ മധുരം നിറഞ്ഞ ഒരു ബാല്യം ഉണ്ട്..പക്ഷെ നമ്മുടെ ഈ കുഞ്ഞുങ്ങള്‍! അവര്‍ അവര്‍ക്ക് ശേഷം വരുന്ന തലമുറയോട് എന്താവും പറയുക?? ...
ജീവിതം.. കഥയോ കവിതയോ അല്ല ജീവിതം..എന്തെങ്കിലും ആയി തീരാന്‍ പൊരുതുന്ന മനുഷ്യന്റ്റെ നിസ്സഹായത മാത്രമാണ്..നമ്മളില്‍ ആരെങ്കിലും നമുക്കായി ജീവിച്ചവരുണ്ടോ?ഉറ്റവര്‍ക്കായി, ഉടയവര്‍ക്കായി ഇഷ്ട്ടങ്ങളും മോഹങ്ങളും ബലികല്ലില്‍ തര്‍പ്പണം ചെയ്തു ,വീണ്ടും തുടരുന്ന പ്രയാണം.....എന്തിനെന്നില്ലാതെ ,ആര്‍ക്കെന്നറിയാതെ,ആര്‍ക്കൊക്കെയോ വേണ്ടി..!!അനിഷ്ട്ടങ്ങളെ ഇഷ്ട്ടങ്ങളാക്കി ,
വേദനകള്‍ക്ക് വിധിയെന്ന ഓമന പേരുനല്‍കി,
വീണ്ടും ജീവിതം നമുക്ക് മുന്നില്‍ പേക്കൂത്ത് നടത്തുന്നു,പല്ലിളിക്കുന്നു.!!ഇന്നലെകളും നാളെയും ഇല്ലാതെ ഇന്നിന്റ്റെ വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിക്കുന്ന ഈ ജീവിതമോ ജീവിതം? ആര്‍ക്കുണ്ടിവിടെ ഇച്ചാശക്തി, ഇതെന്റ്റെ ജീവിതം ഞാന്‍ ജീവിക്കുന്നത് എനിക്ക് വേണ്ടി ആണെന്ന് പറയാന്‍? ...