Saturday, February 18, 2012

മടക്ക യാത്രയില്‍......

ഇന്നു അവധിദിവസം ആയതിനാല്‍ എന്റെ പുത്രനെ ഒന്ന് എണ്ണയൊക്കെ തേച്ചു കുളിപ്പിചെടുക്കാന്‍ തിരുമാനിച്ചു..എണ്ണയും കൊണ്ട് പുറകെ ചെന്ന ഉടന്‍ അവന്‍ അയ്യേ എണ്ണയോ എന്നൊരു ചോദ്യം?ഇതു ശരീരത്തിന് നല്ലതാണെന്നും,മസിലുകള്‍ വികസിക്കുമെന്നും പറഞ്ഞപ്പോള്‍, കരാട്ടെക്ക് പോയി ഇപ്പോളെ സിക്സ് പാക്ക്‌ വന്നിട്ടുണ്ടെന്ന് സ്വയം കരുതുന്ന ഈ വിദ്വാന്‍ സമ്മതം മൂളി..എണ്ണയൊക്കെ തേച്ചു കഴിഞ്ഞു ...ഇനി പോയി കുറച്ചു കളിചോന്നു പറഞ്ഞപ്പോള്‍ അവന്‍ നേരെ പോയി ഇരുന്നത് കംബ്യൂട്ടരിനു മുന്നില്‍..ഈ കളിയല്ല പുറത്തുപോയി കളിക്കാന്‍ പറഞ്ഞതും ഉടന്‍ വന്നു മറുപടി ഫ്രെണ്ട്സ് കളിയാക്കുമാത്രേ.ഒടുവില്‍ സോഫയിലും, കട്ടിലിലും കേറി, ചാടി കളിക്കാന്‍ തുടങ്ങിയപ്പോള്‍, ഇരട്ടി പണിയാകുമെന്നു അറിഞ്ഞ ഞാന്‍ പെട്ടെന്ന് തന്നെ കുളിപ്പിച്ച് കൊടുത്തു..തല തുവര്തുമ്പോള്‍ മോന്‍ എന്നെ ചേര്‍ത്തുപിടിച്ചു നിന്നിരുന്നു..ഈ നിമിഷം ഞാന്‍ എന്റെ ബാല്യത്തിലൂടെ ഒന്ന് കടന്നുപോയി..... എന്റെ അമ്മ എന്നെയും, അനിയനെയും ഇങ്ങനെ കുളിപിച്ചു തരുമായിരുന്നു..ദേഹം മുഴുവന്‍ എണ്ണ തേപ്പിക്കും , കണ്ണൊക്കെ എണ്ണ വീണു എരിയും, എന്നിട്ട് പറമ്പിലേക്ക് പറഞ്ഞയക്കും, നാളികേരം പെറുക്കി മുറ്റതു കൊണ്ടിടുക, ഓലമടലും, കൊതുമ്പും,വിറകുപുരയില്‍ കൊണ്ടിടുക,പറമ്പിലെ ചപ്പു,ചാവെലകള്‍ അടിച്ചുകൂട്ടി തീ കത്തിക്കുക ഇവയാണ് ഞങ്ങള്‍ ചെയ്യേണ്ട ജോലികള്‍..ശരീരം നന്നായി വിയര്‍ത്തു കഴിഞ്ഞാല്‍ ചകിരിതുപ്പും,പയറുപൊടിയും ചേര്‍ത്ത് അമ്മ കുളിപ്പിച്ച് തരും.. തല തുവര്തുമ്പോള്‍ അമ്മയെ കെട്ടിപിടിച്ചു ഒരു നില്‍പ്പുണ്ട്, അമ്മയുടെ ദേഹം മുഴുവന്‍ നനഞ്ഞിട്ടുണ്ടാവും, എന്നാലും അമ്മയുടെ വയറിനോട് മുഖം ചേര്‍ത്ത് നില്‍കുമ്പോള്‍ ഉള്ള ആ ഒരു സുഖം,അമ്മയുടെ വിയര്‍പ്പിന് പോലും സ്നേഹത്തിന്റെ ഒരു ഗന്ധം, അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രത്യേകതയാണ്, അമ്മയുടെ മുഴുവന്‍ സ്നേഹവും, വാല്സല്യവും അതില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞിരുന്നു..അത് കഴിഞ്ഞു തേങ്ങാപാലും ചേര്‍ത്ത്,ചൂടുള്ള കഞ്ഞി കോരി തരും അമ്മ,അതിന്റെയൊരു സ്വാദ്‌ ഇപ്പോളും മായാതെ നില്‍ക്കുന്നു... ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗത്തിനും കളിക്കുക എന്ന് വെച്ചാല്‍ അത് കംബ്യൂട്ടര്‍ ഗെയിമുകള്‍ ആണ്. അണുകുടുംബങ്ങള്‍, മിക്കവീട്ടിലും ഒരു കുട്ടി മാത്രം,അടുത്ത വീട്ടിലെ കുട്ടികളുടെ കൂടെ കളിച്ചു വളരാന്‍ അവര്‍ക്ക് സമയമില്ല..ഇനി മാതാപിതാക്കള്‍ കുട്ടികളെ പഴയ ചിട്ടയിലേക്ക് അല്‍പ്പം മാറ്റുവാന്‍ ശ്രമിച്ചാലും, കുട്ടികള്‍ സമ്മതിക്കില്ല കാരണം അവര്‍ അറിവുകളുടെയും, സാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ നമ്മളെക്കാള്‍ ഏറെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു..വിദ്യാഭ്യാസം കച്ചവടമായത്തോടെ വിദ്യാലയങ്ങള്‍ വെറും കെട്ടിടങ്ങള്‍ ആയി മാറുന്നു,അവിടെയും കുട്ടിയുടെ കൂട്ടുകാര്‍ ആയി അവര്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നോ, രണ്ടോ പേര്‍ മാത്രം..ഇതു കുഞ്ഞുങ്ങളുടെ
സ്വഭാവരൂപീകരണത്തെ വളരെ സ്വാധീനിക്കുന്നു.. അവര്‍ യന്ത്രികതയുടെ ലോകത്തില്‍ സ്വയം ഒതുങ്ങികൂടി കൂടുതല്‍ സ്വാര്തരാവുകയല്ലേ? നമുക്ക് മുന്‍പുള്ള തലമുറയ്ക്ക് പറയുവാന്‍ ഏറെയുണ്ടായിരുന്നു , നമുക്കും പറയുവാന്‍ മധുരം നിറഞ്ഞ ഒരു ബാല്യം ഉണ്ട്..പക്ഷെ നമ്മുടെ ഈ കുഞ്ഞുങ്ങള്‍! അവര്‍ അവര്‍ക്ക് ശേഷം വരുന്ന തലമുറയോട് എന്താവും പറയുക?? ...

1 comment:

  1. പറഞ്ഞത് കുറെയൊക്കെ ശരിയാ.. പക്ഷെ, ഞാന്‍ എന്റെ കുട്ടികളെ വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ കുറെ നേരം കളിക്കാന്‍ വിടും.. അടുത്ത വീടുകളിലും പറമ്പിലും ഒക്കെ പോയി കളിച്ചു വരും.. വരുമ്പോള്‍ കാണേണ്ട കാഴ്ചയാണ്.. ഒന്ന് കുളിപ്പിച്ച് മനുഷ്യരൂപം ആക്കിയെടുക്കാന്‍ പെടുന്ന പാട് ഭാര്യ വിവരിച്ചു തരാറുണ്ട്.. എന്നാലും അവര്‍ പ്രസരിപ്പോടെ ഇങ്ങനെ കഴിയുന്നത്‌ കാണാന്‍ തന്നെ ഒരു സുഖം..

    ReplyDelete