Saturday, February 18, 2012

യാത്രയില്‍ .......

കഴിഞ്ഞ ആഴ്ച അടുത്ത ഒരു കുടുംബ സുഹൃത്തിന്റെ അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് എനിക്ക് അവിചാരിതമായി തിരുവനന്തപുരം പോവേണ്ടി വന്നു..രാവിലത്തെ ജനശതാബ്ദിക്ക്‌ പോയി അന്ന് വൈകീട്ടത്തെ മലബാറിന് തത്കാല്‍ ബുക്കിങ്ങില്‍ ആയിരുന്നു യാത്ര..വൈകുന്നേരം അഞ്ചര മണിക്ക് പ്ലാട്ഫോമില്‍ ഇരിക്കുമ്പോള്‍ മധ്യവയസായ ഒരു സ്ത്രീ കുറെ ബാഗുമായി അരികില്‍ വന്നിരുന്നു..അവര്‍ എന്നോട് കോഴിക്കോട്ടേക്ക് ആണോ എന്...ന് ചോദിച്ചു പരിചയപെട്ടു, കൂട്ടത്തില്‍ ലേഡീസ് കംബാര്ട്ട്മെന്റില്‍ ആണോ ഇരിക്കുക എന്ന് ചോദിച്ചു.അല്ല എന്ന് പറഞ്ഞപ്പോള്‍ ട്രയിന്‍ വരുമ്പോള്‍ ജനറല്‍ കംബാര്ട്ട്മെന്റ്റ്‌ ഒന്ന് കാണിച്ചു തരണേ എന്നും പറഞ്ഞു..കൂടുതല്‍ സംസാരിച്ചപ്പോള്‍ വയനാട്ടിലാണ് വീട് എന്നും, ഇവിടെ Rcc യില്‍ അനിയത്തി കിടക്കുന്നുന്ടെന്നും, അവരുടെ അടുത്ത് പോയി മടങ്ങുകയാനെന്നും അറിഞ്ഞു.. Rcc എന്ന് കേട്ടപ്പോള്‍ കൂടുതല്‍ ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല..കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങിച്ചപ്പോള്‍ അവര്‍ക്ക് കൂടി വാങ്ങി കൊടുത്തു.വേണ്ട ട്രെയിനില്‍ നിന്നും വാങ്ങി കഴിചോളുമെന്നുഅവര്‍ പറഞ്ഞു എങ്കിലും ഈ ട്രെയിനില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ അവര്‍ കഴികില്ല എന്ന് എനിക്കുറപ്പായിരുന്നു..അല്‍പ്പം കഴിഞ്ഞപ്പോള്‍ അവരെ ആശുപത്രിയിലെ ഒരു ബന്ധു വിളിച്ചു വിവരങ്ങള്‍ അന്വേക്ഷിച്ചു,പേടിക്കണ്ട കോഴിക്കോടേക്ക് കൂടെ ആളുന്ടെന്നു അവര്‍ പറഞ്ഞു.അനിയത്തി ബാര്‍ലി വെള്ളം കുടിച്ചോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ചര്‍ദ്ദിച്ച കാര്യം പറഞ്ഞുവെന്നു തോന്നുന്നു, ആ സ്ത്രീ പൊട്ടി കരയുകയായിരുന്നു..അനിയത്തിക്ക് സീരിയസ് ആണെന്നും ശ്വാസകോശത്തില്‍ ആണ് അസുഖം എന്നും, കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കയാനെന്നും, 35 വയസ്സ് പ്രായമുള്ളൂ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും വല്ലാതായി..വയനാട്ടില്‍ നിന്നും ബസ്‌ കയറി കോഴിക്കോട് എത്തി ട്രെയിനില്‍ തിരുവനന്തപുരം എത്തി, തിരിച്ചു ഇങ്ങോട്ടും പോവുകയാണ് രണ്ടുമാസമായിട്ടു..രാവിലെ കാണാമെന്നും പറഞ്ഞു ,അവരെ ജെനറല്‍ കംബാര്ട്ട്മെന്റില്‍ ഇരുത്തി, എ സി കംബാര്ട്ട്മെന്റില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് മുഴുവന്‍ അവരെയും അനിയത്തിയെയും കുറിച്ചാണ്..എന്തോ ദൈവം എനിക്ക് അവരെ കാണിച്ചു തന്ന പോലെ തോന്നാണ്, കാരണം ഒരു യാത്ര ഉണ്ടാവുമ്പോള്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഉന്നത ക്ലാസ്സുകളില്‍ സഞ്ചരിക്കുന്നു, ജെനെറല്‍ കംബര്‍മെന്റില്‍ ആണോ എന്നാ അവരുടെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഉത്തരം പറയുമ്പോള്‍ എനിക്കൊരു വല്ലായ്മ തോന്നിയിരുന്നു..സത്യത്തില്‍ അവരുടെ വിഷമം കണ്ടപ്പോളും, കേട്ടപ്പോഴും എനിക്ക് എന്നോട് തന്നെ ഒരു തരം പുച്ഛം തോന്നി.. ഒരു ഭാഗത്ത്‌ നമ്മള്‍ എല്ലാ സുഖങ്ങളും അനുഭവിച്ചു ജീവിക്കുമ്പോള്‍, മറുവശത്ത് കഷ്ട്ടപെടുന്നവരും, വേദന തിന്നുന്നവരും..രാവിലെ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ അവര്‍ ഫ്ലൈ ഓവറില്‍ സമീപം എന്നെ കാത്തു നിന്നിരുന്നു..കയ്യില്‍ ഉണ്ടായിരുന്ന ഒരു ചെറിയ തുക അവരുടെ കൈവശം നിര്‍ബന്ധിച്ചു കൊടുത്തപ്പോള്‍ മനസ്സിന് ചെറിയ ഒരു ആശ്വാസം തോന്നി..എന്തോ അവരുടെ നമ്പര്‍ ഞാന്‍ മനപൂര്‍വ്വം വാങ്ങിച്ചില്ല.ഒരു മരണവാര്‍ത്ത കൂടി കേട്ട് വെറുതെ മനസ്സ് വേദനിക്കണ്ട എന്ന് കരുതി..ഇപ്പോള്‍ എന്റെ പ്രാര്‍ഥനകളില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ആ സഹോദരി കൂടിയുണ്ട്, ഞാന്‍ കണ്ട ആ ചെച്ചിയുണ്ട്..പൂര്‍ണമായും അസുഖം ഭേദമാവില്ല എങ്കിലും വേദനകള്‍ കുറഞ്ഞു, ആരോഗ്യം വീണ്ടെടുക്കാന്‍ ദൈവം അവരെ അനുഗ്രഹിക്കട്ടെ..

5 comments:

  1. ഇഖ്‌ബാല്‍....
    ..........................................

    ഇഖ്‌ബാലിനെ ഞാന്‍ ആദ്യം കാണുന്നത് ശ്രീധര്‍ ലോഡ്ജിന്റെ കോണിപ്പടിയില്‍ വച്ചാണ്. 2003ല്‍. മാനജേരുടെ കാബിന്റെ അടുത്ത ഫിറ്റ്‌ ചെയ്ത ടെലിവിഷനില്‍ ഇന്ത്യ-പാക്ക്‌ ക്രിക്കറ്റ് മല്‍സരം പുരോഗമിക്കവേ ജവഗല്‍ ശ്രീനാഥ് പാക്‌ താരം ഇന്സമാമുല്‍ ഹഖിന്‍റെ വിക്കെറ്റ്‌ തെറിപ്പിച്ചപ്പോള്‍ കോണിപ്പടിയില്‍ ഉറക്കെ ആര്പ്പുയര്‍ത്തിയ ആ കൊച്ചുശബ്ദത്തിന്റെ ഉടമയായി. തല മൊട്ടയടിച്ചു ഷര്‍ട്ട്‌ ഇടാതെ ആകാശത്തേക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ആ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഏകദേശം 13-14 വയസ്സുള്ള കൊച്ചുപയ്യന്‍. ഹാള്‍ നിറയെ കാണികളാണ്. രോഗികളും രോഗികളുടെ പരിചാരകരുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍.സി.സി., ശ്രീചിത്ര ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് എത്തിയവര്‍...

    ഹോസ്പിറ്റലിലെ ചെക്ക് അപ്പിന് ശേഷം മടങ്ങി റൂമില്‍ വരികയായിരുന്ന ഞാന്‍ ഇത്തിരി അസ്വസ്ഥനായിരുന്നു.. ടെലിവിഷനിലേക്ക് ശ്രദ്ധകൊടുക്കാതെ ആള്കൂട്ടാതെ ചികഞ്ഞു മാറ്റി നേരെ റൂമിലേക്ക്‌ വച്ചുപിടിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു പേര്‍ എനിക്ക് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. അറുപതിനോടടുത്ത പ്രായം തോന്നിക്കുന്ന ഒരാളും അയാളുടെ ഭാര്യയും. അവരും സന്തോഷത്തോടെ ചിരിക്കുകയായിരുന്നു. കാണികള്‍ക്ക് എതിര്‍വഷമായി ടി.വി.ക്ക് ചുവടെ ഇരുന്നിരുന്ന അവര്‍ നോക്കിയിരുന്നത് ടി.വി.യിലേക്ക് അല്ലായിരുന്നു. ഇഖ്‌ബാലിന്റെ ചലനങ്ങളിലേക്ക് ആയിരുന്നു.

    അവരേയും മറികടന്നു വരാന്തയിലൂടെ നടന്നു എന്‍റെ റൂമിന്‍റെ വാതില്‍തുറന്ന ഞാന്‍ പക്ഷെ എന്തുകൊണ്ടോ അകത്തേക്ക് കയറിയില്ല.

    വാതില്‍ക്കല്‍ചെന്ന് വീണ്ടും തിരുഞ്ഞു നോക്കി. പാക്കിസ്ഥാന് ഒരു വിക്കെറ്റ്‌ കൂടെ നഷ്ടമായിരിക്കുന്നു...ഇഖ്‌ബാല്‍ വീണ്ടും തിമര്‍ത്തു ചിരിക്കുകയാണ്. താഴെ അവന്‍റെ മാതാപിതാക്കള്‍ അവന്‍റെ ഉത്സാഹത്തില്‍ വീണ്ടും പരസ്പരം നോക്കി ചിരിക്കുന്നു...

    ഞാന്‍ അവിടെ തന്നെ നില്‍ക്കുന്നത്കണ്ടു അനിയന്‍ ഫൈസല്‍ വന്നു

    "എന്താ കാര്യം, കുളിക്കാന്‍ പോകുന്നില്ലേല്‍ നീ വന്നു കളി കാണൂ...കിടിലന്‍ കളിയാണ്..."

    "ഏതാണാ പയ്യന്‍.....?"

    "ഏതു....?"

    "ആ കോണിപ്പടിയില്‍ നില്‍ക്കുന്ന കുപ്പയമിടാത്ത മൊട്ട.. യോദ്ധ എന്നാ സിനിമയിലെ പയ്യന്‍റെ പോലിരിക്കുന്നവന്‍......?"

    "അതോ..? അത്‌ ഇഖ്‌ബാല്‍..മണ്ണാര്‍ക്കാട്ടുകാരനാ..ആര്‍.സി.സി.യില്‍ കീമോതെറാപ്പിക്ക് വന്നതാ.."

    "ഇവരോ...?" എതിരെ ഇരിക്കുന്നവരെ ചൂണ്ടി ഞാന്‍ ചോദിച്ചു.

    "അവന്‍റെ ഉപ്പയും ഉമ്മയും...രണ്ടു മാസമായി അവരിവിടെ.."

    "ഹ്മ്.."

    "എന്തേ ചോദിച്ചേ...?" ഫൈസലിന്റെ ശബ്ദം ഇത്തിരി താഴ്ന്നിരുന്നു ഇത്തവണ.

    "ഒന്നൂല്ല്യ..നീ പോയി കളി കണ്ടോ..., ഞാന്‍ കുളിച്ചിട്ടിപ്പോള്‍ വരാം..."

    റൂം തുറന്നു അകത്തേക്ക് കടന്നു ഞാനവനെ പറഞ്ഞയച്ചു.

    മനസ്സിന്റെ ഘനം വല്ലാതെ കൂടിയ പോലെ...

    ദിവസങ്ങളായി രോഗങ്ങളുടെ പലമുഖങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നു.. പലരുടെയും മുഖം മ്ലാനവും ദൈന്യവും ആയിരുന്നു. പക്ഷെ ഇവിടെ എന്‍റെ റൂമിന്‍റെ തൊട്ടരികില്‍ വ്യത്യസ്ഥനായൊരു രോഗിയും കുടുംബവും..അതും ഒരു കൊച്ചു പയ്യന്‍..

    റൂമില്‍ ആകെ ഒരു വിങ്ങല്‍...ഞാന്‍ ടവല്‍ എടുത്ത്‌ പുറത്ത്‌ കടന്നു. പുറത്തൊരു ബാത്ത് റൂം ഉണ്ട്. അവിടെ നിന്നാവാം കുളി..

    ReplyDelete
  2. പുറത്തെ ബാത്ത് റൂമില്‍ നിന്ന് വിശാലമായി തന്നെ കുളിച്ചു. ഈ പൊടി പിടിച്ച അന്തരീക്ഷത്തില്‍ രണ്ടു ദിവസമായി ഞാനും വിവിധ ചെക്കപുകള്‍ക്ക് വിധേയനായി കൊണ്ടിരിക്കുകയാണ്. ഒന്ന് സ്വസ്ഥമായി കുളിച്ചപ്പോള്‍ കുരച്ചുണര്‍വ്വ്‌ കിട്ടി. റൂമില്‍ വന്നു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു..ഒരു കട്ടന്‍ ചായ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി.. വരാന്തയിലെക്കിറങ്ങി, ആള്‍കൂട്ടത്തില്‍നിന്നും ഫൈസലിനെ മാടി വിളിച്ചു. കളിയുടെ അവസാന ഓവറുകളില്‍ ആവേശഭരിതരായിരുന്ന ആള്‍കൂട്ടത്തില്‍ നിന്നും പക്ഷെ ഫൈസലിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല.

    "എന്തേയി...?" പുറകില്‍നിന്നും ചുമലില്‍ തട്ടി വിളിച്ചു ഇഖ്‌ബാളിന്റെ ഉപ്പ.

    "ഹല്ലാ.. ഫൈസലിനെ വിളിക്കാനായിരുന്നു.. പക്ഷെ ഭയങ്കര ബഹളം..."

    "ഇങ്ങള് കുറ്റിപ്പുറത്ത്ന്ന് ചിത്രേല്ക്ക് ബന്നോരല്ലേ...? ഓന്‍ കളി കണ്ടോട്ടെ ഇങ്ങക്ക് എന്തേ മാണ്ടീന്..?"

    "അല്ല..ക്ക് ഒരു കട്ടന്‍ചായ വേണായിരുന്നു..ഏതു ഹോട്ടലിലാ പൊവാര് എന്ന് ചോദിക്കാനായിരുന്നു..."

    രണ്ടു ദിവസമായി ഞാന്‍ പുറത്തായിരുന്ന കാരണം കൂടെ വന്നവര്‍ കണ്ടെത്തിയ "വൃത്തിയുള്ള" ഹോട്ടല്‍ ഏതാണ് എന്നതായിരുന്നു എന്‍റെ ലക്‌ഷ്യം.

    "ഒരു കട്ടന്‍ ചായക്കും മാണ്ടി ങ്ങള്പ്പോ ഏഡീം പോണ്ട.. ഞാന്‍ ഇഖ്‌ബാലിനുണ്ടാക്ക്യ ചായണ്ട്. ങ്ങള് വരീന്‍..."

    എന്‍റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ മൂപ്പര്‍ എന്‍റെ കയ്യും പിടിച്ചു പുറത്തെ അടുക്കളയിലേക്കു നടന്നു. ആള്കൂട്ടത്തിലേക്ക് തിരിഞ്ഞു നോക്കിയ എനിക്ക് ഇഖ്‌ബാലിനെ അവിടെയൊന്നും കാണാനായില്ല.

    ReplyDelete
  3. പുറത്തെ അടുക്കളയില്‍ ഇഖ്‌ബാലിന്റെ ഉമ്മ അവനു ചായ തണുപ്പിച്ചു കൊടുക്കുകയാണ്.
    "ഒരു ഗ്ലാസ്‌ ഇബാര്ക്കും കൊടുക്ക്‌...' ഇഖ്‌ബാളിന്റെ ഉപ്പ ആവശ്യപ്പെട്ടു. ഉമ്മ ചൂടാറ്റിയ ചായ ഇഖ്‌ബാലിനു കൊടുത്ത് ഒരു ഗ്ലാസ്‌ ചായ എനിക്കും എടുത്ത്‌ തന്നു.

    "വൈന്നാരത്തെക്ക് എന്തേലും വങ്ങാനുണ്ടോ...?" അവര്‍ അവര്‍ക്ക് വേണ്ട ഭക്ഷണം ആവിടെ നിന്ന് തന്നെ പാകം ചെയ്യുകയാണ്..

    ഉമ്മ എന്തൊക്കെയോ പറഞ്ഞുകൊടുത്ത്. ഇഖ്‌ബാളിന്റെ ഉപ്പ പോക്കെറ്റിലേക്ക് ഒന്ന് ഊതി നോക്കി ആവശ്യത്തിനുള്ള പണം ഉണ്ടെന്നു ഉറപ്പു വരുത്തി..

    "കൊണ്ടു വന്ന പൈസ കഴിഞ്ഞോ...?" ചായ ഊതിക്കുടിക്കവേ ശബ്ദം താഴ്ത്തി ഇഖ്‌ബാല്‍ ചോദിച്ചു..

    "ഇജ്ജ്‌ പേടിക്കണ്ട..ഇപ്പോക്ക്‌ മാണ്ട്യത് ഇന്റെ കജ്ജില്ണ്ട്‌. ബാക്കി അല്ലാന്റെ ഖജാനേലും ഉണ്ട്.." പുഞ്ചിരുച്ചു കൊണ്ടയാള്‍ ഇഖ്‌ബാലിനു മറുപടി കൊടുത്തു.

    "ഇങ്ങള് കുടിക്കീം, ഞാനിപ്പോ വരാം.." ഉമ്മ കൊടുത്ത തുണിസഞ്ചിയും തൂക്കി അയാള്‍ നടന്നു പോയി.

    "അള്ളാ.. എണ്ണക്ക് കുപ്പിയെടുക്കാന്‍ മൂപര് മറന്നു..." ഇഖ്‌ബാളിന്റെ ഉമ്മയും ഒരു കുപ്പിയെടുത്ത് അയാള്‍ നടന്ന വഴിയില്‍ നീങ്ങി.

    ലോഡ്ജിനോട് ചേര്‍ന്ന ചായ്പില്‍ ഇപ്പോള്‍ ഇഖ്‌ബാലും ഞാനും മാത്രം.

    "ഇഖ്‌ബാല്‍.. നീ കളിമുഴുവന്‍ കാണാന്‍ നിന്നില്ലേ...?" എന്തെങ്കിലും പറഞ്ഞുതുടങ്ങാന്‍ വേണ്ടി മാത്രം ഞാന്‍ പറഞ്ഞു.

    'ഇല്ല, ഉപ്പ ചായക്ക് വിളിച്ചു.. ഉമ്മണ്ടാക്ക്യ ചായ വല്ലാണ്ട് തണുത്താല്‍ കുടിക്കാന്‍ കൊള്ളില്ല... പിന്നെ കളി മുഴുവന്‍ കാണാന്‍ എനിക്ക് പറ്റൂല്ല്യ..."

    അവസാനത്തെ വാചകം ഉള്ളില്‍ കൊണ്ടു..

    "ഹേയ്.. നല്ല കളിയാണെന്ന് ഫൈസല്‍ പറഞ്ഞല്ലോ...നീയും കുത്തിമറിഞ്ഞു കളികാണുന്നത് ഞാന്‍ കണ്ടല്ലോ...? പിന്നെന്താ.."

    "അത് ഉമ്മയും ഉപ്പയും എന്നെ കണ്ടിരിക്കുംബോഴല്ലേ... ഓല് ണ്ടെങ്കി ക്ക് എല്ലാ കളിയും രസാ..."

    അവന്റെ ചായ തീര്‍ന്നിരുന്നു. അവന്‍ എണീറ്റു.

    "ങ്ങള് ഫൈസലിക്കാന്റെ ഇക്കാക്കയാണല്ലേ...? ങ്ങള് ചിത്രേല്‍ക്കാണെന്ന് ഇക്ക പറഞ്ഞിരുന്നു. ങ്ങളെ തലവേദന കുറവുണ്ടോ...?"എന്‍റെ മുന്നില്‍ കയറി ഒരു വേളഎന്‍റെ തലയില്‍ തൊട്ടവന്‍ ചോദിച്ചു.

    "അതെ.. ഫൈസല്‍ എന്‍റെ മൂത്തപ്പാന്റെ മോനാ.. വേദനയോന്നൂല്ല്യടാ..ഇപ്പോ ഒന്നൂല്ല്യ..." അവന്‍ എന്‍റെ കണ്ണില്‍ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.

    "എന്താടാ നിന്‍റെ കാര്യം.. എന്നാണു കീമോതീരുക.."

    " ഹ ഹ കീമോ ഈ ആഴ്ച്ചകൂടിയും ഉണ്ട്. പിന്നെ കുറച്ചുനാള്‍ നാട്ടില്‍ പോയി നില്‍ക്കാം.. എന്‍റെ ടീച്ചര്മാരോക്കെ വന്നിരുന്നു. ഓലെ ഒക്കെ സ്കൂളില്‍ പോയി കാണണം.."

    "നിനക്ക് ക്രിക്കറ്റ് നല്ല ഇഷ്ടള്ള കളിയാണല്ലേ...? എന്നാ നിന്‍റെ നാട്ടില്‍ പോയി കളിക്ക്യാ?

    ന്‍റെ ഉപ്പനോടും ഉമ്മാടും ഞാന്‍ പറഞ്ഞതാ.. നാട്ടില്‍ പോയി ഉള്ള ദിവസം കളിച്ചു കഴിയാമെന്നു..പക്ഷെ അവര് സമ്മതിച്ചില്ല.. ഇവിടെ ചികില്‍സിച്ചാല്‍ മാരും എന്നാ അവര് പറയണത്.. ഏറിയാല്‍ ഒരെട്ടു മാസം.. ഇക്കാ അതോടെ എന്‍റെ കളി തീരും.. പക്ഷെ അത്രയും കാലം ഞാന്‍ സന്തോഷിക്കുന്നതെ എന്റുപ്പയും ഉമ്മയും കാണാന്‍ പാടുള്ളൂ.. ങ്ങക്കറിയോന്നറിയില്ല.. കീമോ ചെയ്‌താല്‍ നല്ല വേദനയാ.. പക്ഷേ വേദനിക്കുന്നെന്നും പറഞ്ഞു ഞാന്‍ റൂമില്‍ ഇരുന്നാല്‍ എന്റുമ്മ പടച്ചോനെ പ്രാകും.. പടച്ചോനെ പ്രകിയാല്‍ ഉമ്മ സ്വര്‍ഗത്തില്‍ പോവൂല്ലാ... അപ്പൊ ഞാന്‍ ഉള്ള ശക്തിയില്‍ ചാടിക്കളിക്കും... സ്വര്‍ഗത്തില് വെച്ചെങ്കിലും ഇക്ക്‌ ഉമ്മാന്റെ കൂടെ കഴിയാല്ലോ....!!!"

    എനിക്ക് മുന്നില്‍ 13 കാരനായ ഇഖ്‌ബാല്‍ 63 കാരന്റെ ചിന്തകളുടെ കരുത്തുമായി വളര്‍ന്നു നിന്നു.. കവിളിലേക്കിറങ്ങിയ കണ്ണുനീര്‍ മറക്കാന്‍ ഞാന്‍ തല താഴ്ത്തിയിരുന്നു.

    "ഇക്ക.. ങ്ങള് കരയല്ലേ... ന്റെ ഉമ്മ ഇപ്പൊ വരും...."

    അകലെ അവന്റെ ഉമ്മ നടന്നു വരുന്നുണ്ടായിരുന്നു...

    "പാകിസ്താന്‍ 196 ന് ഓള്‍ ഔട്ട്‌, വേണമെങ്ങില്‍ കളികാണാന്‍ വാ ഇക്കാ..." അവന്‍റെ ഉമ്മ കേള്‍ക്കുമാറുച്ചത്തില്‍ അതും പറഞ്ഞു അവനെന്നെ വലിച്ചു നടന്നു...

    ജീവിക്കേണ്ട വിധം എനിക്ക് കാണിച്ചു തന്ന ആ 13 കാരന്‍ ഇഖ്‌ബാലിനെ ഞാനിന്നും തെരഞ്ഞുകൊണ്ടിരിക്കുന്നു..പ്രത്യാശയോടെ...

    ReplyDelete
  4. please change the background of the blog.
    Its very difficult to read in black background.
    Just imagine you are getting newspapers in black back ground.

    ReplyDelete
  5. Nammal chuttum ullavare kanubol anu nammude vishamathekal mattullavarude dhukkanggal etra valuthanu ennu nammal thirichariyuka....aa 13 vasukarente manobalam parauathirikuvan vayya...

    ReplyDelete