Sunday, July 31, 2011

മരണം ......

കണ്ണ് തുറിച്ചു നാക്ക് കടിച്ചു ഞാന്‍ ...
മരണത്തിന്റെ തണുപ്പും ഗന്ധവും നിറഞ്ഞ മോര്‍ച്ചറിയില്‍... മരവിപ്പിനെ മുറിപ്പെടുത്തി
വെള്ളകോട്ടിട്ടവരുടെ പരിഹാസം... ചാവാന്‍ നടക്കുന്നു! എന്തിനു തൂങ്ങി?
......മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കുത്തിയിറങ്ങുന്നത് ആത്മാവിനെ നൊമ്പരപ്പെടുത്തി കൊണ്ടും...
വിറങ്ങലിച്ച ആത്മാവ് എന്നോട് :,
മരണ കുറിപ്പ് എഴുതിയതല്ലേ നീ?
എന്നിട്ടും എന്തിനീ പ്രഹസനങ്ങള്‍?
മരിച്ചിട്ടും കുഴിയിലേക്കൊരു കാത്തിരുപ്പ്..
പോസ്റ്റു മോര്‍ട്ടത്തിനു ശേഷം പെട്ടിയില്‍ അലങ്കാരം ചമഞ്ഞു കിടക്കും. വിദേശത്തു നിന്നും മക്കള്‍ എത്താന്‍ ..
നാളെയോ അടുത്ത ആഴ്ചയോ അവര്‍ എത്തുന്നതോടെ യാത്രയാവാം..
മണ്ണിന്റെ ഇരുണ്ട മറക്ക്‌ അപ്പുറം വെളിച്ചത്തിന്റെ പാതയില്‍ ദേഹി കാത്തു നില്‍ക്കുന്നു

Wednesday, July 27, 2011

രുചി

കടലിനപ്പുറം നീ
ശൈത്യം പുതച്ചു..
എങ്കിലും നീ വിയര്‍ക്കുന്നു.
...ഞാനോ,സങ്കട കടലിലും....
സഹനത്തിന്റെ കൊടും ചൂടില്‍.
നിന്റെ വിയര്‍പ്പിനും,
എന്റെ കണ്ണുനീരിനും.
നമുക്കിടയിലുള്ള കടലിനും
ഒരേ രുചി... ..

ആത്മഹത്യാ ശ്രമം

മരണ രുചിയറിയാന്‍
കയറില്‍ തൂങ്ങി.
ചതിച്ചത് കയറോ
...കയര്‍ നിര്‍മാതാവോ...
വീണു കിടക്കുമ്പോള്‍
ഒടിഞ്ഞു പോന്ന കഴുക്കോല്‍ ...
അവിടെ ചിരിച്ചത്
മണ്‍മറഞ്ഞ മുത്തശ്ശനോ
ആശാരിയോ......
ഉത്തരത്തിലെ പല്ലി
ചിലച്ചത്
നഷ്ടപ്പെട്ട എന്റെ മാനത്തിലേക്കോ...

അമ്മയുടെ ഒസ്യത്ത്

മണ്ണ് മക്കള്‍ക്കായി വീതം വെക്കുമ്പോള്‍ ആറടി മണ്ണ് എന്റെ ചുടലക്കായി മാറ്റി വെക്കുന്നു.. അന്നെങ്കിലും ഒരു തുള്ളി കണ്ണീര്‍ അമ്മക്ക് വേണ്ടി നീക്കി വയ്ക്കുക. കോടി മുണ്ടിനും, തോര്ത്തിനുമായി ആരെയും ഓടിക്കണ്ട.. അവകാശികളെ കാത്തു അത് അലമാരയില്‍ ഭദ്രമായി ഇരുപ്പുണ്ട്‌. ചേതനയറ്റ ദേഹം കുളിപ്പിക്കരുത്, അതിനെ നഗ്നമാക്കി മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു ആത്മാവിന്റെ മാനം കെടുത്തരുത്... കുഴിയില്‍ അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ തീര്‍ക്കണം.. മക്കളെല്ലാം തിരക്കുള്ളവര്‍ ആണ്.. നടുമുറിയില്‍ നിലവിളക്ക് കൊളുത്തി വെക്കരുത്... മകള്കും, മരുമോള്‍ക്കും ഫാനില്ലാതെ പറ്റില്ല, അവര്‍ പ്രാകും.. രാവിലെയുള്ള ബലിതര്‍പ്പണം വേണ്ട.. അമേരിക്കയിലുള്ള മകന് തണുത്ത വെള്ളത്തിലെ കുളി തീരെ പറ്റില്ല.. ചാക്കാല കാണാന്‍ ബന്ധുക്കളും, പരിചയക്കാരും വരേണ്ട.. കാരണം അടുകളയില്‍ പുകയൂതി ചായ ഉണ്ടാക്കിയൊന്നും മരുമോള്‍ക്ക് പരിചയമില്ല.. പുലകുളി, എന്ന പേരില്‍ ചടങ്ങുകള്‍ നടത്തി സദ്യയുണ്ടാക്കി ആരെയും ഊട്ടണ്ട, അവര്‍ക്ക് സദ്യക്ക് കുറ്റം പറഞ്ഞു പോവനല്ലേ., പിന്നെ അതിന്റെ ചിലവിന്റെ പേരില്‍ മക്കള്‍ തമ്മില്‍ ഒരു കശപിശ വേണ്ട... പതിനാരടിയന്തിരത്തിന് ബലിതര്‍പ്പണ യാത്ര വേണ്ട.. അമ്മ പൂര്‍ണ്ണമായ ആത്മ സംത്രിപ്തിയോടെയാണ് പോവുന്നത്... മക്കളെയും മരുമക്കളെയും ഒരു പോലെ കണ്ടു, ഒന്നിനും ഒരാളെയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ..ഇനി ആത്മാവിനെ ത്രിപ്തിപ്പെടുതെണ്ട കാര്യമില്ല.. അത് ഗതി കിട്ടാതെ അലയുകയുമില്ല..

അതിന്റെ കര്‍മം മക്കളായി നിലനില്‍ക്കുന്നുണ്ടല്ലോ...

നിങ്ങളിലൂടെ നിങ്ങളുടെതും...

--

Friday, July 22, 2011

ഓര്‍മകളില്‍.....

അച്ഛന്‍ ,

ഇരുട്ടത്ത് ആടിയുലഞ്ഞു വരുന്ന ഒരു നിഴല്‍ രൂപം.

...

നിഴലുകള്‍ക്ക് മദ്യത്തിന്റെ

ഗന്ധമെന്നു ചിന്തിച്ചതും...

അമ്മ.......

പെയ്തു ചോരാത്ത മഴയും...

അച്ഛന്‍ എത്തിയാല്‍

പിന്നെ ഉത്സവമേളം...

സന്തോഷത്തിന്റെതല്ല,

സങ്കടത്തിന്റെ,

തെറികളുടെ സ്ത്രോതാങ്ങള്‍ ...

അമ്മയെന്തിനാണ് മൂലയില്‍

മങ്ങിയ ഇരുട്ടില്‍ കൂനി കൂടിയിരുന്നത്;

അച്ഛന്റെ മര്‍ദ്ദനം സഹിക്ക വയ്യാഞ്ഞിട്ടോ,

അതോ സ്വയം ചുരുണ്ട് കൂടിയതോ....

ചിലപ്പോള്‍ നിശബ്ദതയില്‍ നിന്നും

കനത്ത തേങ്ങല്‍ ..

സഹിച്ചു

സഹിച്ചൊടുവില്‍ അമ്മയുടെ ഹൃദയവും

ചുരുങ്ങി തുടങ്ങിയിരിക്കുന്നു..

അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ,

ഒരു പഴന്തുണി ചിത്രം

മനസ്സില്‍ പോറല്‍ വീഴ്ത്തുന്നു....

Wednesday, July 13, 2011

മരണം..............

ദൂരെ നിന്നും ദിഗ്വന്ദരം പൊട്ടുന്ന നിലവിളിയുമായി
പായുന്ന വെളുത്ത വണ്ടി...
എന്റെ ഹൃദയത്തെ പിളര്‍ത്തുന്ന ചോര വെളിച്ചം...
അതിനുള്ളില്‍
മരണത്തിന്റെ നിശബ്ദതയാവില്ല...
തണുപ്പിനു കീഴ്പ്പെടുന്ന ശരീരത്തെ
പൊക്കിയെടുക്കാന്‍
ആത്മാവിനെ സംഘട്ടനം?
ഈ കുതിപ്പിന്റെ കാര്യമില്ല
അപ്പോള്‍ അത് ?
അതെ, മരണം മുട്ടി വിളിക്കുമ്പോള്‍
കൊണ്ടുപോകരുതെയെന്ന
പ്രാണന്റെ അപേക്ഷ..
അനങ്ങാത്ത കരങ്ങള്‍
സഹായം തേടി വായുവില്‍ വീശുന്നുവെന്ന
ചിന്തയോടെ ഉറക്കെ കരയാന്‍ ശ്രമിച്ചും...
പരാജയപ്പെട്ടും...
ആ വേദന
വണ്ടിയില്‍ ഇരിക്കുന്നവരിലും
പാതയുടെ പരിസരങ്ങളിലും...
മരണ ഭീതി ചുവന്ന നോട്ടവുമായി
എന്നിലേക്ക്‌...
നാളെ ഞാനോ ഇര.....

Saturday, July 9, 2011

അമ്മ.....

തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ക്കുന്നു.. അപ്പോള്‍ ഇരമ്പു കേള്‍ക്കുന്നത് സ്നേഹത്തിന്റെ പാലാഴി.

ഇപ്പോള്‍ മടക്ക യാത്രക്കൊരുങ്ങി കട്ടിലില്‍ കിടക്കുമ്പോള്‍ മാപ്പ് ചോദിക്കുകയാണ് എന്റെ അമ്മയോട് , ഈ പാപി പുറപ്പെടുമ്പോള്‍ കരുണയുടെ വെളിച്ചം അനുഗമിക്കണേ... അറിയാതെ ചെയ്ത തെറ്റുകള്‍ക്ക്.. നീ നല്‍കിയ വാല്സല്യത്തിന്റെ ആഴമറിഞ്ഞത് എത്രയോ വൈകിയിട്ടാണ്..

മുതിരുന്ന എന്നെ അങ്കലാപ്പോടെ നോക്കി നിന്നത്. താളം തെറ്റിയ നെഞ്ചിടിപ്പും...

ഇത്തിരി വൈകുമ്പോഴെക്കും വഴികണ്ണും നട്ടുള്ള നിന്റെ കാത്തിരിപ്പിന്‍ വേവലാതികള്‍ ... കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ വരച്ച നിയന്ത്രണ രേഖകളോട് ഞാന്‍ കലഹിച്ചതും പിണങ്ങി അത്താഴം വെടിഞ്ഞു കിടന്നതും.. കല്‍പ്പനകളോട് കയര്‍ത്തു ഞാന്‍ നിഷേധി ആയപ്പോള്‍ നിന്റെ പിണക്കങ്ങളുടെ രാപകലുകള്‍ ...

മുലപ്പാല്‍ ചുരത്തിയ മാറിടത്തില്‍ മാരകരോഗം പിടിമുറുക്കിയപ്പോള്‍ നിന്റെ മനസ്സിന്റെ നൊമ്പരം.., നിന്റെ നെഞ്ചില്‍ നെരിപ്പോട് പുകഞ്ഞത്.. നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത.. കാന്‍സര്‍ വാര്‍ഡിനു മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ നടുക്കിയ തീവ്രത..... ജീവിതം എന്തെന്നറിയുന്നതിനു മുന്പേ മകള്‍ മംഗല്യക്കുറി അണിഞ്ഞു കാണാന്‍ നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം.. ഞാന്‍ പടിയിറങ്ങിയപ്പോള്‍ നീ ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍.. അമ്മൂമ്മ ആയപ്പോള്‍ നിന്റെ മനസ്സിലൂറിയ വാല്സല്യതിന്‍ തിരകള്‍ ...

ഇന്നീ പോക്കുവെയിലില്‍ കിടക്കുമ്പോള്‍ മനം പിടയുന്നു... പലവട്ടം ഏകിയ മുറിപ്പാടുകള്‍ എന്നില്‍ മിഴിവോടെ...

ഒരമ്മ ആയപ്പോഴാണ് ഞാന്‍ നീയായത്. നിന്റെ അതെ വികാരങ്ങള്‍ ഏറ്റുവാങ്ങി ഞാന്‍ എന്റെ മകളിലേക്ക്... നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത തന്നെയാണ് എന്നിലും. മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ ത്രീവത അടിച്ചു കയറുന്നത് മൂക്കിലോ ആത്മാവിലോ... നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം, ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍ , നിന്റെ മനസ്സിലൂറിയ വാല്സല്യത്തി ന്റെ തിരകളും..

എന്റെ മകള്‍ പിറന്നപ്പോള്‍ എന്നില്‍ നിറഞ്ഞ കണ്ണീരിലൂടെ എന്റെ പിറവിയില്‍ ഞാന്‍ കാണാതെ പോയ നിന്റെ കണ്ണീരിനെ സ്പര്‍ശിച്ചു.

എങ്കിലും ഞാന്‍ അറിയാതെ പോകുന്നത്, പിറന്നു വീണ മകള്‍ നിലവിളിയോടെ കിടന്നതിലൂടെ എന്നെ കാണാന്‍ ശ്രമിച്ചെങ്കിലും എന്തിനായിരുന്നു ആ നിലവിളിയെന്നു ഉത്തരം കിട്ടാതെ....

പരസ്യ വിചാരങ്ങള്‍.................

രാവിലെ പത്രം വായിക്കുമ്പോള്‍ പെട്ടെന്ന് കണ്ണില്‍ തടഞ്ഞ ഒരു പരസ്യം.. ഒരു വൃദ്ധസദനത്തിന്റെ പേര് വലിയ അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.. നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത എംബ്ലവും...

" വൃദ്ധസദനത്തിലേക്കുള്ള പുതിയ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.. പരിമിതമായ സീറ്റുകള്‍ മാത്രം.. ദമ്പതികള്‍ക്ക് പ്രത്യേക താമസ സൗകര്യം.. തീരെ അവശരായവര്‍ക്കു പ്രത്യേക പരിഗണന.. ലക്ഷ്വറി സൗകര്യം വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനം ചെയ്തു കൊടുക്കും.."

വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവന്നത് എല്‍ കെ ജി, യു കെ ജി പ്രവേശനത്തിന് തല നീട്ടാറുള്ള പരസ്യമാണ്.

എന്തു പറ്റി നമ്മള്‍ മലയാളികള്‍ക്ക്? മുമ്പൊക്കെ ശക്തമായ കുടുംബബന്ധങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു..

അച്ചാച്ചന്‍ , അച്ഛമ്മ, അമ്മാച്ചന്‍ , അമ്മമ്മ, മുത്തശ്ശി തുടങ്ങി നമ്മളെ സ്നേഹിക്കാനും, ശാസിക്കാനും, നേര്‍വഴിക്കു നയിക്കാനും ഒരു പാടു പേര്‍ ... നാലും കൂട്ടി മുറുക്കി, വിളക്കിന്റെ തിരിയും തെറുത്തു, സന്ധ്യക്ക്‌ വിളക്കു കൊളുത്തി കുട്ടികളെയെല്ലാം സന്ധ്യാനാമം ചൊല്ലിക്കണ മുത്തശ്ശിമാര്‍ നമ്മുടെ വീടിന്റെ ഒരു ഐശ്വര്യം തന്നെയായിരുന്നു.. കാച്ചിയ എണ്ണയുടെയും, കുഴമ്പിന്റെയും, ഗന്ധം.. അതില്‍ തന്നെ ഒരു പ്രത്യേക സ്നേഹവും, ഗന്ധവും ഉണ്ടായിരുന്നു.. അവര്‍ പറഞ്ഞു തരുന്ന കഥകള്‍ കൌതുകവും, ഗുണപാടവും നിറഞ്ഞതായിരുന്നു.. ഒരു കെട്ടുറപ്പുണ്ടായിരുന്നു കുടുംബ ബന്ധങ്ങള്‍ക്ക്.. കാലം മാറി, സമൂഹവും.. കൂട്ട് കുടുംബങ്ങള്‍ക്ക് പകരം അണു കുടുംബങ്ങള്‍ വന്നു.. മുമ്പ് അവധി ദിവസങ്ങള്‍ ബന്ധുക്കളെ കാണാന്‍ ഉള്ളതായിരുന്നു. ഇപ്പോള്‍ ഈ യാത്രകള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കു സ്വന്തം.. അമ്മയും, അച്ഛനും മൊബൈല്‍ ഫോണില്‍ മാത്രം കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആയി തീര്‍ന്നിരിക്കുന്നു.. മുണ്ട് മുറുക്കിയുടുതും, കഷ്ട്ടപ്പാടുകള്‍ സഹിച്ചും, നമ്മളെ വളര്‍ത്തി വലുതാക്കിയ അവരോ ?? വാര്‍ദ്ധക്യത്തില്‍ ഒരു താങ്ങാവേണ്ട നമ്മള്‍ തന്നെ അവരെ തള്ളി പറയുന്നു.. അവര്‍ ആശരനര്‍ ആയി തീരുന്നു.. ചിലപ്പോള്‍ ഓര്‍ത്ത്‌ പോകുന്നു പ്ലാസ്ടിക് കൂടില്‍ നിറച്ചു തള്ളുന്ന വേസ്റ്റ് പോലെയോ അവര്‍ ! കളങ്ക പെട്ടിരിക്കുന്നു മലയാളി മനസ്സ്.. അതിനെ ചൂഷണം ചെയ്യാന്‍ കൂണ് പോലെ മുളച്ചുയരുന്ന വൃദ്ധസദനങ്ങളും..

ഇനി ഒരു മടക്കം ഇല്ല എന്ന തിരിച്ചറിവോടെ പടി ഇറക്കി വിടുന്ന മാതാ പിതാക്കള്‍ ... ഒരിക്കലെങ്കിലും മക്കള്‍ തിരിച്ചു വിളിക്കാന്‍ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ എത്രയെങ്കിലും ഉണ്ടാവാം...

ഈ പരസ്യം എഴുതിയ വിരലുകള്‍ ഒരു നിമിഷം വിറചിരിക്കുമോ, ഭാവിയില്‍ തന്നെ ഉന്നമാക്കി ഒരു പരസ്യം ഒരുങ്ങുമെന്നും തന്റെ കൊച്ചു മക്കള്‍ തന്നെ തൂക്കി വൃദ്ധസദനത്തില്‍ എത്തിക്കുമെന്ന് ഓര്‍ത്ത്‌ നടുക്കത്തോടെ ?

ഈ കുറിപ്പെഴുതുമ്പോള്‍ എന്നിലൊരു പ്രാര്തനയുണ്ട് അങ്ങനെ ഒരവസ്ഥക്ക് മുമ്പേ എല്ലാം അവസാനിക്കണേ എന്ന്..

വായിക്കുമ്പോള്‍ എന്താവും തോന്നുക? ഒരു വിറയല്‍ , ഒരു നടുക്കം?

ഒരിക്കല്‍ നമ്മളും പടിയിറക്കപ്പെടില്ലെന്നു ആരറിഞ്ഞു...

പരസ്യ വിപണി മലയാളി മനസ്സിനെ കീഴടക്കിയിരിക്കുന്നു.. സമീപ ഭാവിയില്‍ ഒരു പക്ഷെ നമ്മള്‍ ഇങ്ങനെ ഒരു പരസ്യം കണ്ടാല്‍ ഒട്ടും അതിശയപ്പെടേണ്ട...

"നിര്‍ധനരും, നിരാലംബരും ആയ പെണ്‍കുട്ടികള്‍ക്ക് ഒരു തൊഴില്‍ . ആകര്‍ഷകമായ വരുമാനം പ്രതീക്ഷിക്കാം, പത്രതാളുകളില്‍ പേരും പെരുമയും നേടാന്‍ ഒരു സുവര്‍ണാവസരം. സൌജന്യ താമസ സൗകര്യം.. ഉടന്‍ അപേക്ഷിക്കുക.. അഖില കേരള പെണ്‍ വാണിഭ സംഘം.."..

ഇങ്ങനെ കണ്ടാലും മലയാളി ഞെട്ടില്ല, പ്രതികരിക്കില്ല.. നമ്മുടെ ഹൃദയം എന്നേ കടലെടുത്തു പോയി...