Tuesday, October 23, 2012

മൌനത്തിന്റെ
ആഴങ്ങളിലേക്ക്
തുടരെ  ഊളിയിടുകയാണ്
 മനസ്സ്..
സങ്കടകടലിലെ
ചുഴികളില്‍ പെട്ടു,
ഭ്രാന്തന്‍ചിന്തകളുടെ
നിലയില്ലാകയങ്ങളില്‍,
മുങ്ങി ശ്വാസം പിടയുന്ന
 എന്റെ ജീവനും...
ഈ തണുപ്പിലും
നമ്മള്‍ വിയര്‍ക്കുന്നു...
ഈ ശൈത്യവും
നമുക്കിടയിലെ ജ്വാലക്ക് മുന്നില്‍
വഴി മാറി ഒഴുകുന്നു.

എന്റെ അധരത്തില്‍  നിന്നും
ഉതിര്‍ന്ന ഒരുസ്വരം......
 നീ,
നിന്റെ അധരത്തോട്‌  അമര്‍ത്തിയപ്പോള്‍
എന്റെ സിന്ദൂരത്തില്‍ നിന്നും
അടര്‍ന്നു വീണ
ഒരു വിയര്‍പ്പിന്‍ കണിക
നാണത്താല്‍ ചുവന്നു
തുടുത്തിരുന്നു...

ശ്വാസ നിശ്വാസങ്ങള്‍
നമുക്കിടയില്‍ തീര്‍ത്ത
പ്രണയചൂടിനു
മീനച്ചൂടില്‍ ഉരുകുന്ന
സൂര്യനേക്കാള്‍  ജ്വലനം...
പുലര്‍കാല സ്വപ്നങ്ങള്‍ക്ക്
 ഇപ്പോള്‍ മരണത്തിന്‍റെ
 തണുപ്പും ചുടലയുടെ തീ ഗന്ധവും..
 എന്‍റെ ചിന്തകളുടെ
ആഴം അളന്നു ഇല്ലാതാവാന്‍
 ഇന്നലെയും
 എനിക്കു കൂട്ടായ് വന്നിരുന്നു
 ഒരു നനുത്ത മഞ്ഞുകണം പോലെ.
 നാളെയിലേക്ക് ഉണര്‍ത്തു പാട്ടായി...
ഇന്നെന്‍റെ
തൂലികയില്‍ പൊഴിയുന്ന
ഓരോ മഞ്ചാടി
മുത്തുകളും
നിന്നിലേക്കുള്ള
ദൂരം അളക്കാനാണ്...

കാലചക്രത്തില്‍
വലിച്ചെറിയപ്പെട്ട
എന്‍റെ തൂലിക
എന്നിലേക്ക്
നടന്നടുത്തത്
നീയെന്ന
നീലിമയിലൂടെ...

എന്നില്‍
അറിഞ്ഞലിഞ്ഞ
നീയെന്ന
ഒറ്റനക്ഷത്രം
അതെന്‍റെ
നിഴലും
ആത്മാവുമാണെന്ന
തിരിച്ചറിവ്,
നീലനിലാവില്‍
ആകാശപോയ്കയില്‍
വിരിഞ്ഞ
നീലത്താമരപോല്‍
വശ്യം...

നീയെന്ന
ഗ്രഹത്തിന് ചുറ്റും
ഞാന്‍ എന്ന
ഉപഗ്രഹ പരിക്രമണം
അതിന്‍റെ
പരിപൂര്‍ണ്ണത
തേടിയലയുന്നു...
ഓരോ വിളികളിലും തിരഞ്ഞത് നിന്നെ. പക്ഷെ, നീയൊന്നു വിളിച്ചത് പോലുമില്ലല്ലോ!! നിന്നോടു പറയാന്‍ കൂട്ടിവെച്ച എന്റെ, കുറുംബിന്റെയും, പരിഭവങ്ങളുടെയും കുപ്പിവളകിലുക്കങ്ങള്‍ ഇപ്പോള്‍ മൂകം!!
നിന്റെ ചുടുനിശ്വാസമേറ്റതിന്റെ നാണം കൊണ്ടാവാം എന്റെ അക്ഷരകുഞ്ഞുങ്ങളിപ്പോള്‍ കള്ളമയക്കത്തിലാണ്‌... അവരൊന്നു ഉണര്‍ന്നോട്ടെ, എനിക്കിനിയും എഴുതണം. നിലാവിലുദിക്കുന്ന നക്ഷത്രങ്ങളെയും, പാടുന്ന രാക്കിളികളെയും കുറിച്ച്. വെളുത്ത ലില്ലിപ്പൂക്കളേയും ഉള്ളില്‍ പ്രണയം ചൊരിയുന്ന ഗുല്‍മോഹരുകളെയും കുറിച്ച്.... പിന്നെ, പിന്നെ ഒരുപാട് ഇഷ്ട്ടത്തോടെ നിന്നെയും കുറിച്ച്....
ചക്രവാളമിപ്പോള്‍ ചുവക്കാറില്ല ചക്രവാകപ്പക്ഷികള്‍ കരയാറില്ല ചക്രവാതങ്ങളിപ്പോള്‍ വീശാറില്ല.... ഉരുകുന്ന സൂര്യനും മൌനമുണ്ണുന്ന പക്ഷികളും ചലനമറ്റ ഉഷ്ണവാതങ്ങളും വരളുന്നസന്ധ്യയും മാത്രം... വരണ്ടൊഴുകുന്ന കാലത്തിന്‍ സാക്ഷ്യപത്രമായി ഇരുളുന്ന കാഴ്ചകളും ഊഷരമാമെന്‍ മനസ്സും ഏകാന്തതയും ഞാനും...