Tuesday, October 23, 2012

മൌനത്തിന്റെ
ആഴങ്ങളിലേക്ക്
തുടരെ  ഊളിയിടുകയാണ്
 മനസ്സ്..
സങ്കടകടലിലെ
ചുഴികളില്‍ പെട്ടു,
ഭ്രാന്തന്‍ചിന്തകളുടെ
നിലയില്ലാകയങ്ങളില്‍,
മുങ്ങി ശ്വാസം പിടയുന്ന
 എന്റെ ജീവനും...
പുലര്‍കാല സ്വപ്നങ്ങള്‍ക്ക്
 ഇപ്പോള്‍ മരണത്തിന്‍റെ
 തണുപ്പും ചുടലയുടെ തീ ഗന്ധവും..
 എന്‍റെ ചിന്തകളുടെ
ആഴം അളന്നു ഇല്ലാതാവാന്‍
 ഇന്നലെയും
 എനിക്കു കൂട്ടായ് വന്നിരുന്നു
 ഒരു നനുത്ത മഞ്ഞുകണം പോലെ.
 നാളെയിലേക്ക് ഉണര്‍ത്തു പാട്ടായി...
ചക്രവാളമിപ്പോള്‍ ചുവക്കാറില്ല ചക്രവാകപ്പക്ഷികള്‍ കരയാറില്ല ചക്രവാതങ്ങളിപ്പോള്‍ വീശാറില്ല.... ഉരുകുന്ന സൂര്യനും മൌനമുണ്ണുന്ന പക്ഷികളും ചലനമറ്റ ഉഷ്ണവാതങ്ങളും വരളുന്നസന്ധ്യയും മാത്രം... വരണ്ടൊഴുകുന്ന കാലത്തിന്‍ സാക്ഷ്യപത്രമായി ഇരുളുന്ന കാഴ്ചകളും ഊഷരമാമെന്‍ മനസ്സും ഏകാന്തതയും ഞാനും...

Friday, June 8, 2012

മരണം മണക്കുന്ന ആ ഐ സി യു ശീതിളിമയില്‍ മസ്തിഷ്കം അവസാന തുടിപ്പിനെ വാരിപ്പുണര്‍ന്നപ്പോള്‍, മറ്റാര്‍ക്കോ വഴികാട്ടുവാന്‍ വിധിച്ചുകൊണ്ട് വേര്‍പ്പെട്ടുപോകുന്ന ആ മിഴികള്‍, രണ്ടുതുള്ളി പൊഴിച്ചു.. ഹൃദയം ഒന്നു പിടച്ചു.. അത് ദേഹിയെ വിട്ടൊഴിയുന്ന നൊമ്പരമോ ....? അതോ മറ്റൊരു ദേഹത്തിലേക്കുള്ള കൂടുമാറ്റത്തിന്‍ മനം നൊന്തുള്ള പിടച്ചിലോ ... ?
ഇരുള്‍ വീണ ആകാശത്തില്‍ ഭൂമിയെ പെയ്തൊഴിയാന്‍ വെമ്പി നിന്ന കാര്‍മേഘം പോലെ എന്റെ മിഴിയില്‍ കൂടു കൂട്ടുകയാണ് ഒരു കാര്‍മേഘശലകം.. എന്നിലും മഴ പെയ്യിക്കുവാന്‍ എന്നിലെ നൊമ്പരങ്ങള്‍ പെയ്തൊഴിയാന്‍...

Sunday, March 18, 2012

ഒന്ന് ചെവിയോര്‍ത്താല്‍ നിനക്ക് കേള്‍ക്കാം എന്റെ വേനല്‍ പൂക്കുന്നതിന്റെ നിലക്കാത്ത മര്‍മരം,ഒന്ന് നോക്കിയാല്‍ നിനക്ക് കാണാം എന്റെ സ്വപ്നങ്ങളില്‍ നിന്നും നിലാവ് നടന്നു മാഞ്ഞതിന്റെ കാല്‍പ്പാടുകള്‍..ഇപ്പോള്‍ എനിക്ക് ചുറ്റും കനത്ത മൂടല്‍മഞ്ഞിന്റെ നിശബ്ദത മാത്രം..മടക്കയാത്രയ്ക്കുള്ള ആഞ്ജ കര്‍ണ്ണങ്ങളെ അസ്വസ്ഥമാക്കുന്നു.ഇനിയെനിക്ക് വേരുകള്‍ ഇല്ലിവിടെ..മടക്കയാത്ര എന്ന് ഞാന്‍ പറയുന്നുവല്ലേ. ശരിക്കും മരണം ഒരു മടക്കയാത്ര ആണോ? അതൊരു പറിച്ചു നടലല്ലേ? ഒരു പുതിയ ഇടത്തിലേക്ക്, മുന്നേ മടങ്ങിപോയ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു പറിച്ചുനടല്‍"....

ഗുല്‍മോഹര്‍...................

മഴ പെയ്യുന്നു..
പാതകളില്‍ വാകമരത്തിനു
മഴ നനയുന്ന വ്യസനം....
എവിടെ ഞാന്‍ നട്ട പൂക്കള്‍ ,
ഏതു ഹൃദയമാണതു മോഷ്ടിച്ചത്;
ഇനി അത് തിരിച്ചു കിട്ടില്ലെന്നോ?!
എന്റെ പാതകളില്‍ ഇനി നിന്റെ നോട്ടമെല്‍ക്കാതെ
ഋതു മാറാന്‍ കാത്തു ഞാന്‍ തനിയെ...