Wednesday, June 1, 2011

ആരവമില്ലാത്ത യാത്ര

മഴയുടെ ആരവത്തിലേക്കാണ് കണ്ണ് തുറന്നത്. മടുപ്പോ വെറുപ്പോ അല്ലെങ്കില്‍ ഭീതിയോ എന്താണ് മഴയിലൂടെ പുലരി തന്നില്‍ വച്ചു തരുന്നത്... അതൊക്കെ വെറും തോന്നലെന്നു കരുതാന്‍ ശ്രമിച്ചു. എന്നാല്‍ ഉള്ളിലൊരു കിടുക്കം. എന്തോ നനഞ്ഞു കുതിര്‍ന്ന മരച്ചുവട്ടില്‍ പതുങ്ങി നില്‍ക്കുന്നത് പോലെ. താന്‍ പുറത്തിറങ്ങാന്‍ കാത്ത്‌... രാത്രിയില്‍ എപ്പോഴോ ഇടിയും മിന്നലുമായി തുടങ്ങിയിരുന്നു. ആദ്യത്തെ കാറ്റിനു തന്നെ കരണ്ട് പോയിരിക്കണം. അകലെ എങ്ങോ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം...
കാറ്റും മഴയും കെട്ടി മറിയുകയാണ്... വിരഹം പോലെ മരണം പോലെ നനഞ്ഞ ഇലകള്‍ ... രാത്രി മഴയില്‍ ഒടിഞ്ഞു വീണ മാവിന്റെ കൊമ്പും അതിന്റെ വെളുത്ത മുറിപ്പാടും... ശിഖരത്തിന്റെ ബാക്കി നില്‍ക്കുന്ന ഭാഗത്തിന്റെ ഉന്നം താനാണ് എന്ന തോന്നല്‍ ... കാഴ്ചകള്‍ എല്ലാം തന്നെ തുറിച്ചു നോക്കുന്നു. എന്തിനു ആ നനഞ്ഞ ഇരുട്ട് പോലും തന്നെ വീഴ്ത്താന്‍ പരുവത്തില്‍ ഒരുങ്ങി നില്‍ക്കുനതായി തോന്നുന്നു.
സീത എഴുന്നേറ്റു.., അല്ലെങ്കിലും എഴുന്നെല്‍ക്കുക എന്നതിന് വല്ല അര്‍ത്ഥവും ഉണ്ടോ? കിടക്കുന്നു ഉറങ്ങിയെന്നു വരുത്തുന്നു. ഉറക്കം പോലും നാട്യമായി മാറിയിരിക്കുന്നു.. ഉറക്കം നഷ്ടപ്പെട്ട കണ്‍ തടത്തില്‍ ഉരുണ്ടു കൂടിയ ഇരുണ്ട തടിപ്പ്... ശബ്ദമുണ്ടാകാതെ കതകു തുറന്നു. ഇറയത്തു നിന്ന് മഴയില്‍ കണ്ണെറിഞ്ഞു, സംഹാരരൂപിയെ പോലെയാണ് പെയ്തിറങ്ങുന്നത്..
എവിടെയാണ് തനിക്കു തെറ്റിയത്.. ഒരിക്കല്‍ മഴയെ പ്രണയിച്ചും, മഞ്ഞു തുള്ളികളെ ഓമനിച്ചും, പുസ്തകങ്ങളെയും , മഴവില്ലിനെയും ,മയില്പീലിയെയും ഇഷ്ടപ്പെട്ടു നടന്നിരുന്ന തനിക്കു എന്താണ് സംഭവിച്ചത്.. ഋതുക്കള്‍ മാറുന്നത് പോലെ തന്റെ സ്വഭാവത്തില്‍ മാറ്റം വന്നതോ, അതോ ജീവിതം വരുത്തിയതോ?

മനസ്സിപ്പോള്‍ മരവിച്ചിരിക്കയാണ്. സ്വന്തം കുഞ്ഞിനെ പ്പോലും ലാളിക്കാനോ, ഓമനിക്കാനോ കഴിയുന്നില്ലല്ലോ.. മരണത്തെയാണ്‌ താനിപ്പോള്‍ സ്നേഹിക്കുന്നത്.. അവന്റെ തണുത്ത കരങ്ങള്‍ പിടിച്ചു യാത്ര പോവാനാണ് സ്വപ്നം കാണുന്നത്..

ഒരു അക്ഷരത്തെറ്റ് എവിടെയോ സംഭവിച്ചിരിക്കുന്നു.. ദേവീ എന്ന് വിളിച്ചു കേള്‍ക്കാന്‍ ആഗ്രഹിച്ച ആ വിളി ഒരിക്കലും കേട്ടില്ല.. ലാളനകള്‍ ഏറ്റുവാങ്ങാന്‍ കൊതിച്ച ശരീരത്തെ അയാള്‍ ഉപദ്രവിചിട്ടെ ഉള്ളൂ.. ഷോകേസില്‍ പാവകുഞ്ഞിനെ പോലെ ഒതുക്കി വെച്ചിരിക്കയാണ്‌ തന്നെ..
വീണ്ടും ചിന്തകള്‍ അക്ഷരത്തെറ്റിനെ കുറിച്ച് തന്നെ ... എവിടെ ആര്‍ക്കാണ് തെറ്റ് പറ്റിയത്.. ഒരു പുരുഷനെയും പ്രണയം എന്ന ഭാവത്തോടെ സ്നേഹിച്ചിട്ടില്ല. വിധി എന്ന് പറയുന്നത് ഇതാവാം.. അങ്ങനെ എങ്കില്‍ അത് ദൈവത്തിന്റെ കയ്യിലല്ലേ? എങ്കില്‍ തെറ്റ് ദൈവത്തിന്റെത്...
അടക്കിയ തേങ്ങലുകള്‍ നിലവിളിയിലേക്ക്.. മഴയത്ത് കരഞ്ഞാല്‍ ആരും കാണില്ലല്ലോ...

മഴത്തുള്ളികള്‍ ശരീരത്തില്‍ ഊര്‍ന്നു ഇറങ്ങവേ മഴ തന്നെ പുണരുന്നതായി അവള്‍ക്കു തോന്നി.. കൂടെ ആ മഴയില്‍ അലിഞ്ഞു ഇല്ലാതാവാനും ..

മഴയില്‍ നിറഞ്ഞു നടക്കുമ്പോള്‍ ഓര്‍ത്ത്‌, എവിടേക്ക്? തന്റെ കൈ പിടിച്ചു നടക്കുന്ന അജ്ഞാത സഞ്ചാരി ആര്? മഴ ഇരുണ്ടു. ആ നൂലുകളില്‍ അങ്ങനെ അലിഞ്ഞലിഞ്ഞ്... ഇടയ്ക്കു തിരഞ്ഞു നോക്കുമ്പോള്‍ വീടില്ല. മരങ്ങളില്ല, മഴ മാത്രം. ഇപ്പോള്‍ നടക്കുന്നത് താനോ മഴയോ... ഈശ്വരാ...

No comments:

Post a Comment