Saturday, July 9, 2011

അമ്മ.....

തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ക്കുന്നു.. അപ്പോള്‍ ഇരമ്പു കേള്‍ക്കുന്നത് സ്നേഹത്തിന്റെ പാലാഴി.

ഇപ്പോള്‍ മടക്ക യാത്രക്കൊരുങ്ങി കട്ടിലില്‍ കിടക്കുമ്പോള്‍ മാപ്പ് ചോദിക്കുകയാണ് എന്റെ അമ്മയോട് , ഈ പാപി പുറപ്പെടുമ്പോള്‍ കരുണയുടെ വെളിച്ചം അനുഗമിക്കണേ... അറിയാതെ ചെയ്ത തെറ്റുകള്‍ക്ക്.. നീ നല്‍കിയ വാല്സല്യത്തിന്റെ ആഴമറിഞ്ഞത് എത്രയോ വൈകിയിട്ടാണ്..

മുതിരുന്ന എന്നെ അങ്കലാപ്പോടെ നോക്കി നിന്നത്. താളം തെറ്റിയ നെഞ്ചിടിപ്പും...

ഇത്തിരി വൈകുമ്പോഴെക്കും വഴികണ്ണും നട്ടുള്ള നിന്റെ കാത്തിരിപ്പിന്‍ വേവലാതികള്‍ ... കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ വരച്ച നിയന്ത്രണ രേഖകളോട് ഞാന്‍ കലഹിച്ചതും പിണങ്ങി അത്താഴം വെടിഞ്ഞു കിടന്നതും.. കല്‍പ്പനകളോട് കയര്‍ത്തു ഞാന്‍ നിഷേധി ആയപ്പോള്‍ നിന്റെ പിണക്കങ്ങളുടെ രാപകലുകള്‍ ...

മുലപ്പാല്‍ ചുരത്തിയ മാറിടത്തില്‍ മാരകരോഗം പിടിമുറുക്കിയപ്പോള്‍ നിന്റെ മനസ്സിന്റെ നൊമ്പരം.., നിന്റെ നെഞ്ചില്‍ നെരിപ്പോട് പുകഞ്ഞത്.. നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത.. കാന്‍സര്‍ വാര്‍ഡിനു മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ നടുക്കിയ തീവ്രത..... ജീവിതം എന്തെന്നറിയുന്നതിനു മുന്പേ മകള്‍ മംഗല്യക്കുറി അണിഞ്ഞു കാണാന്‍ നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം.. ഞാന്‍ പടിയിറങ്ങിയപ്പോള്‍ നീ ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍.. അമ്മൂമ്മ ആയപ്പോള്‍ നിന്റെ മനസ്സിലൂറിയ വാല്സല്യതിന്‍ തിരകള്‍ ...

ഇന്നീ പോക്കുവെയിലില്‍ കിടക്കുമ്പോള്‍ മനം പിടയുന്നു... പലവട്ടം ഏകിയ മുറിപ്പാടുകള്‍ എന്നില്‍ മിഴിവോടെ...

ഒരമ്മ ആയപ്പോഴാണ് ഞാന്‍ നീയായത്. നിന്റെ അതെ വികാരങ്ങള്‍ ഏറ്റുവാങ്ങി ഞാന്‍ എന്റെ മകളിലേക്ക്... നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത തന്നെയാണ് എന്നിലും. മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ ത്രീവത അടിച്ചു കയറുന്നത് മൂക്കിലോ ആത്മാവിലോ... നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം, ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍ , നിന്റെ മനസ്സിലൂറിയ വാല്സല്യത്തി ന്റെ തിരകളും..

എന്റെ മകള്‍ പിറന്നപ്പോള്‍ എന്നില്‍ നിറഞ്ഞ കണ്ണീരിലൂടെ എന്റെ പിറവിയില്‍ ഞാന്‍ കാണാതെ പോയ നിന്റെ കണ്ണീരിനെ സ്പര്‍ശിച്ചു.

എങ്കിലും ഞാന്‍ അറിയാതെ പോകുന്നത്, പിറന്നു വീണ മകള്‍ നിലവിളിയോടെ കിടന്നതിലൂടെ എന്നെ കാണാന്‍ ശ്രമിച്ചെങ്കിലും എന്തിനായിരുന്നു ആ നിലവിളിയെന്നു ഉത്തരം കിട്ടാതെ....

3 comments:

  1. തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ക്കുന്നു.. അപ്പോള്‍ ഇരമ്പു കേള്‍ക്കുന്നത് സ്നേഹത്തിന്റെ പാലാഴി.

    ReplyDelete
  2. ennenenkilum priyag cheyithittundo athhh

    ReplyDelete