Saturday, July 9, 2011

പരസ്യ വിചാരങ്ങള്‍.................

രാവിലെ പത്രം വായിക്കുമ്പോള്‍ പെട്ടെന്ന് കണ്ണില്‍ തടഞ്ഞ ഒരു പരസ്യം.. ഒരു വൃദ്ധസദനത്തിന്റെ പേര് വലിയ അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.. നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത എംബ്ലവും...

" വൃദ്ധസദനത്തിലേക്കുള്ള പുതിയ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.. പരിമിതമായ സീറ്റുകള്‍ മാത്രം.. ദമ്പതികള്‍ക്ക് പ്രത്യേക താമസ സൗകര്യം.. തീരെ അവശരായവര്‍ക്കു പ്രത്യേക പരിഗണന.. ലക്ഷ്വറി സൗകര്യം വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനം ചെയ്തു കൊടുക്കും.."

വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവന്നത് എല്‍ കെ ജി, യു കെ ജി പ്രവേശനത്തിന് തല നീട്ടാറുള്ള പരസ്യമാണ്.

എന്തു പറ്റി നമ്മള്‍ മലയാളികള്‍ക്ക്? മുമ്പൊക്കെ ശക്തമായ കുടുംബബന്ധങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു..

അച്ചാച്ചന്‍ , അച്ഛമ്മ, അമ്മാച്ചന്‍ , അമ്മമ്മ, മുത്തശ്ശി തുടങ്ങി നമ്മളെ സ്നേഹിക്കാനും, ശാസിക്കാനും, നേര്‍വഴിക്കു നയിക്കാനും ഒരു പാടു പേര്‍ ... നാലും കൂട്ടി മുറുക്കി, വിളക്കിന്റെ തിരിയും തെറുത്തു, സന്ധ്യക്ക്‌ വിളക്കു കൊളുത്തി കുട്ടികളെയെല്ലാം സന്ധ്യാനാമം ചൊല്ലിക്കണ മുത്തശ്ശിമാര്‍ നമ്മുടെ വീടിന്റെ ഒരു ഐശ്വര്യം തന്നെയായിരുന്നു.. കാച്ചിയ എണ്ണയുടെയും, കുഴമ്പിന്റെയും, ഗന്ധം.. അതില്‍ തന്നെ ഒരു പ്രത്യേക സ്നേഹവും, ഗന്ധവും ഉണ്ടായിരുന്നു.. അവര്‍ പറഞ്ഞു തരുന്ന കഥകള്‍ കൌതുകവും, ഗുണപാടവും നിറഞ്ഞതായിരുന്നു.. ഒരു കെട്ടുറപ്പുണ്ടായിരുന്നു കുടുംബ ബന്ധങ്ങള്‍ക്ക്.. കാലം മാറി, സമൂഹവും.. കൂട്ട് കുടുംബങ്ങള്‍ക്ക് പകരം അണു കുടുംബങ്ങള്‍ വന്നു.. മുമ്പ് അവധി ദിവസങ്ങള്‍ ബന്ധുക്കളെ കാണാന്‍ ഉള്ളതായിരുന്നു. ഇപ്പോള്‍ ഈ യാത്രകള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കു സ്വന്തം.. അമ്മയും, അച്ഛനും മൊബൈല്‍ ഫോണില്‍ മാത്രം കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആയി തീര്‍ന്നിരിക്കുന്നു.. മുണ്ട് മുറുക്കിയുടുതും, കഷ്ട്ടപ്പാടുകള്‍ സഹിച്ചും, നമ്മളെ വളര്‍ത്തി വലുതാക്കിയ അവരോ ?? വാര്‍ദ്ധക്യത്തില്‍ ഒരു താങ്ങാവേണ്ട നമ്മള്‍ തന്നെ അവരെ തള്ളി പറയുന്നു.. അവര്‍ ആശരനര്‍ ആയി തീരുന്നു.. ചിലപ്പോള്‍ ഓര്‍ത്ത്‌ പോകുന്നു പ്ലാസ്ടിക് കൂടില്‍ നിറച്ചു തള്ളുന്ന വേസ്റ്റ് പോലെയോ അവര്‍ ! കളങ്ക പെട്ടിരിക്കുന്നു മലയാളി മനസ്സ്.. അതിനെ ചൂഷണം ചെയ്യാന്‍ കൂണ് പോലെ മുളച്ചുയരുന്ന വൃദ്ധസദനങ്ങളും..

ഇനി ഒരു മടക്കം ഇല്ല എന്ന തിരിച്ചറിവോടെ പടി ഇറക്കി വിടുന്ന മാതാ പിതാക്കള്‍ ... ഒരിക്കലെങ്കിലും മക്കള്‍ തിരിച്ചു വിളിക്കാന്‍ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ എത്രയെങ്കിലും ഉണ്ടാവാം...

ഈ പരസ്യം എഴുതിയ വിരലുകള്‍ ഒരു നിമിഷം വിറചിരിക്കുമോ, ഭാവിയില്‍ തന്നെ ഉന്നമാക്കി ഒരു പരസ്യം ഒരുങ്ങുമെന്നും തന്റെ കൊച്ചു മക്കള്‍ തന്നെ തൂക്കി വൃദ്ധസദനത്തില്‍ എത്തിക്കുമെന്ന് ഓര്‍ത്ത്‌ നടുക്കത്തോടെ ?

ഈ കുറിപ്പെഴുതുമ്പോള്‍ എന്നിലൊരു പ്രാര്തനയുണ്ട് അങ്ങനെ ഒരവസ്ഥക്ക് മുമ്പേ എല്ലാം അവസാനിക്കണേ എന്ന്..

വായിക്കുമ്പോള്‍ എന്താവും തോന്നുക? ഒരു വിറയല്‍ , ഒരു നടുക്കം?

ഒരിക്കല്‍ നമ്മളും പടിയിറക്കപ്പെടില്ലെന്നു ആരറിഞ്ഞു...

പരസ്യ വിപണി മലയാളി മനസ്സിനെ കീഴടക്കിയിരിക്കുന്നു.. സമീപ ഭാവിയില്‍ ഒരു പക്ഷെ നമ്മള്‍ ഇങ്ങനെ ഒരു പരസ്യം കണ്ടാല്‍ ഒട്ടും അതിശയപ്പെടേണ്ട...

"നിര്‍ധനരും, നിരാലംബരും ആയ പെണ്‍കുട്ടികള്‍ക്ക് ഒരു തൊഴില്‍ . ആകര്‍ഷകമായ വരുമാനം പ്രതീക്ഷിക്കാം, പത്രതാളുകളില്‍ പേരും പെരുമയും നേടാന്‍ ഒരു സുവര്‍ണാവസരം. സൌജന്യ താമസ സൗകര്യം.. ഉടന്‍ അപേക്ഷിക്കുക.. അഖില കേരള പെണ്‍ വാണിഭ സംഘം.."..

ഇങ്ങനെ കണ്ടാലും മലയാളി ഞെട്ടില്ല, പ്രതികരിക്കില്ല.. നമ്മുടെ ഹൃദയം എന്നേ കടലെടുത്തു പോയി...

No comments:

Post a Comment