Monday, August 16, 2010

ഓര്‍മകളിലെ ഓണപൂക്കള്‍

കാലില്‍ തൊട്ടുരുമ്മി മഞ്ഞിന്റെ തണുപ്പ് പകരുന്ന കൊച്ചു തുമ്പ, വേലിയില്‍ പടര്‍ന്നു തല നീട്ടി നില്‍ക്കുന്ന വെയലേരി, മഞ്ഞ മതില് പണിതു ഓടാപ്പൂ...ഓര്‍മ്മയില്‍ മാത്രമല്ല,നാട്ടിടവഴികളിലും ,ഗ്രാമീണ ഗ്രിഹാങ്ങണനങ്ങളിലും,ഇപ്പോളും നാണിച്ചും, മോഹിപ്പിച്ചും നില്‍ക്കുനുണ്ട്, ഈ സുന്ദരിമാരെല്ലാം.
എന്നാല്‍ തമിഴ്നാടിന്റെ പടിയിറങ്ങി കേരളത്തിന്റെ മുറ്റത്ത്‌ എത്തുന്ന,ചെത്തിയും, ജമന്തിയും, ഡാലിയും, ഓണപ്പൂക്കളം ഒരുക്കുമ്പോള്‍ നാഗരികര്‍ക്കും, ഗ്രാമാനിവാസികള്‍ക്ക് പോലും ഇവയെ ഓര്‍മയില്ല..മണ്ണ് ചെടികളുടെ അല്ലാതായതോടെ .
.മനസ്സില്‍ മാത്രമാണ് ചിലവയെങ്കിലും പൂക്കുന്നത്
ഓണം കുട്ടികളുടെ സ്വന്തമായി തീര്‍ന്നത് പൂക്കളങ്ങളിലൂടെ ആണ്. അവരാദ്യം തേടുന്നത് തുമ്പയെ ആണ്. മേച്ചില്‍ പുറങ്ങളില്‍ കണ്ണെത്താ ദൂരത്തോളം തുമ്പ വെളുക്കെ ചിരിച്ചു നില്‍പ്പുണ്ടാവും. എന്നാല്‍ നുള്ളിയെടുക്കാന്‍ നല്ല ക്ഷമ വേണം. ഒരു കൂട നിറയ്ക്കണം എങ്കില്‍ ഒരു പാട് സമയം ഇരിക്കണം. എന്നാല്‍ മാവേലി തമ്പുരാന്റെ ഈ പ്രിയ പുഷ്പം ഇല്ലാത്ത ഒരു ഓണം ഉണ്ടായിരുന്നില്ല ഒരു കാലത്ത്. തുമ്പയുടെ വെളുപ്പിനോട് ചേര്‍ത്ത് വെക്കാന്‍ ചെമ്പരത്തിയുടെ ചുവപ്പ് വേണം. ഇതു നാട്ടിലും കാണുവാന്‍ കിട്ടുമായിരുന്നു ഈ വിദ്വാനെ. എന്നാലിപ്പോള്‍ ചെമ്പരത്തിയെ പോലും ഇക്കാലത്ത് കാണുവാന്‍ കിട്ടുന്നില്ല. ചുവപ്പ് നിറത്തില്‍ തന്നെ തല ഉയര്‍ത്തി നില്‍ക്കുന്ന മറ്റൊരു പൂങ്കാവനം ഉണ്ട്. കൃഷ്ണ കിരീടം. ഒരു പൂക്കളം ഒരുക്കുവാന്‍ മാത്രം പോന്ന കുഞ്ഞുപൂവുകള്‍. ഇപ്പോള്‍ നഗരവാസികളുടെ ഓണത്തില്‍ കിരീടം ചൂടിയ ഓര്‍മകളെ ഉണ്ടാവൂ ഒരു മരത്തില്‍ ഓടികയറി പടര്‍ന്നു വെളുപ്പും നീലയും, കുപ്പായമിട്ട് നില്‍ക്കുന്ന ശംഖു പുഷ്പം, മുറ്റത്ത്‌ തേന്‍ തുളുമ്പി തെച്ചി, മഞ്ഞ മിഴി തുറന്നു മുക്കുറ്റി, ഇത്തിരി ഗമയില്‍ മന്ദാരം, നിഷ്കളങ്കമായ വെളുപ്പില്‍ നന്ദ്യാര്‍വട്ടം, മുള്ളുള്ള ചെടിയില്‍ കൊതിപിക്കുന്ന നിറത്തില്‍ രാജമല്ലി. പറഞ്ഞാലും പറഞ്ഞാലും തീരില്ല ഈ സുന്ദരിമാരുടെ പേരുകള്‍. ഇവരെല്ലാം ഒന്നിക്കുന്ന ഒരു ഓണപ്പൂക്കളം ഇന്നുണ്ടോ. . കാക്കപൂവും, വയല്പച്ചയും തീര്‍ക്കുന്ന വസന്തവും, വയലുകളെ പോലെ വിസ്മൃതിയില്‍ ആഴുകയാണ്. അപ്പോഴുമുണ്ടാവും ഏതെങ്കിലും ഒരു വെള്ളം നിറഞ്ഞും ഒഴിഞ്ഞും ചിങ്ങവെയില്‍ ചിരിക്കുന്ന വയലില്‍ പൂക്കളങ്ങളുടെവിളവെടുപ്പ് ..
. വയണയുംവയല്പൂവും, മതിലില്‍ മതില്പച്ച, പറമ്പില്‍ കമ്മല്പ്പൂ, വേലിയില്‍ അരിപ്പൂ, .. നഗരത്തിന്റെ തിരക്കില്‍ കാണാനാവുക ഇല്ലെങ്കിലും, പാവമൊരു നാട്ടിന്‍പുറത്ത്, വഴുക്കലുള്ള വീട്ടുമുറ്റത്ത്‌ കുഞ്ഞുവിരലുകളെ കാത്തിരിപ്പുന്നുണ്ടാവും ഇവയെല്ലാം . ഓണനാളിലെങ്കിലും ഒരു പൂക്കളത്തില്‍ ഇരുന്നു ചിരിക്കാന്‍ മോഹിച്ചു. കടപ്പാട്. രജി നായര്‍,മാതൃഭൂമി

1 comment:

  1. മണ്ണ് ചെടികളുടെ അല്ലാതായതോടെ .
    .
    .
    .

    എന്താ ആ പ്രയോഗം, അത്യുത്തമം !

    ReplyDelete