Saturday, May 28, 2011

ഒരു യാത്ര..

ഒരിക്കല്‍ അപരിചിതര്‍ ആയിരുന്നു. യാത്രയുടെ അന്ത്യത്തില്‍ പരിചിതര്‍ ആയി മാറുകയും..

അത് സൌഹൃദത്തിലേക്കും, പതുക്കെ പ്രണയത്തിലേക്കും..

തുടര്‍ന്നുള്ള യാത്രക്ക് എന്ത് മധുരം. തോളോട് തോള്‍ ചേര്‍ന്ന്, നെടുവീര്‍പ്പുകള്‍ തമ്മില്‍ ലയിച്ചു... കൈകോര്‍ത്തു നടക്കുമ്പോള്‍ അഴുക്കു കൂനയില്‍ തിമിര്‍ക്കുന്ന എലികളോട് പോലും ഇഷ്ടം തോന്നി.

ഓരോ മഴത്തുള്ളിയും കവിത വിരിയിക്കുകയും. അതുവരെ അറിയാത്ത പദങ്ങള്‍ കടലാസ്സില്‍ നിരന്നു.

വിവാഹത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ലോകം കീഴടക്കിയ പരിവേഷം. അത്താഴം പുറമേ നിന്നും. ഭാര്യം അടുക്കളയില്‍ പുക കുടിച്ചു നരകിക്കേണ്ടവളല്ല എന്ന പഴയ വാക്യം പ്രാവര്‍ത്തികമാക്കി. സിനിമ ശാലയില്‍ നിന്നും രണ്ടാമത്തെ പ്രദര്‍ശനവും കണ്ടിറങ്ങി തെരുവിന്റെ വിജനതയിലൂടെ നടക്കുമ്പോള്‍ തങ്ങളൊഴികെ മറ്റാരും ജീവിക്കുന്നില്ലെന്ന് സംസാരത്തിലൂടെ ഉറപ്പിച്ചു.

എവിടെയാണ് ഇടയ്ക്കു തങ്ങള്‍ക്കു പാളിയത്? കോടതി വരാന്തയില്‍ ഊഴം കാത്തു നില്‍ക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇഴഞ്ഞു നടുങ്ങി.

അവള്‍ അങ്ങനെ അല്ലായിരുന്നല്ലോ...

അവന്‍ അങ്ങനെ അല്ലായിരുന്നല്ലോ..

വഴി പിരിയുമ്പോള്‍ ഒരു ഭാരം ഒഴിഞ്ഞ പ്രതീതി... പിരിഞ്ഞു.. ഇനി ഒരാള്‍ മറ്റേ ആള്‍ക്ക് വേണ്ടി താഴണ്ട. നേരം വെളുക്കുമ്പോള്‍ ദുര്‍ മുഖം കണ്ടു മടുക്കണ്ട.

No comments:

Post a Comment