Wednesday, February 3, 2010

തമാശയില്ലാതെ വന്ന മരണം കൊച്ചിന്‍ ഹനീഫ

തമാശകളും അബദ്ധങ്ങളും പൊട്ടിച്ചിരികളുമായി ചലച്ചിത്രലോകത്ത് പലവേഷങ്ങളണിഞ്ഞ മലയാളത്തിന്റെ പ്രിയ താരം കൊച്ചി ഹനീഫ തമാശയില്ലാതെ വന്ന മരണത്തിന്റെ കൈപിടിച്ച് അകന്നു. നിരവധി ഹാസ്യ - വില്ലന്‍ - സ്വഭാവവേഷങ്ങളിലൂടെ കേരളീയരുടെ മാത്രമല്ല തമിഴകത്തിന്റെയും കരള്‍ കൊളളയടിച്ച ഹനീഫ കരളിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു.

കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്. ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.

സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ എഴുപതുകളുടെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നെത്തിയത്. 1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. ചെറുറോളുകളില്‍ തുടങ്ങി മാമാങ്കം, അന്വേഷണം, മൂര്‍ഖന്‍, രക്തം, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

കീരിക്കാടന്‍ ചത്തേ!!! എന്ന് ആര്‍ത്തട്ടസിക്കുന്ന ഹൈദ്രോസ്. ഈ മനുഷ്യന്‍ തന്നെയാണോ വാത്സല്യത്തിലെ രാഘവന്‍ നായരുടെ സംഘര്‍ഷങ്ങള്‍ തന്‍മയത്തത്തോടെ പകര്‍ത്തിയത്? കൊച്ചിന്‍ ഹനീഫ എന്ന നടനെ മാത്രം പരിചയമുള്ളവര്‍ക്ക് ഈ സത്യം വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും. പഞ്ചാബി ഹൌസിലെ മഠയനായ ഗംഗാധരന്‍, സ്വപ്നക്കൂടിലെ ഫിലിപ്പോസ് അങ്കിള്‍, മീശമാധവനിലെ ത്രിവിക്രമന്‍ എന്നിങ്ങനെ അവിസ്മരണീയമായ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ മലയാളികള്‍ക്ക് സംഭാവന ചെയ്ത കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തവയൊന്നും കോമഡി സിനിമകള്‍ ആയിരുന്നില്ല. ജീവിതഗന്ധിയായ മൂഹൂര്‍ത്തങ്ങളില്‍ ചാലിച്ചെഴുതിയവയായിരുന്നു അവ ഒരോന്നും.

ഒരു സന്ദേശം കൂടി എന്ന ചിത്രമാണ് ഹനീഫ ആദ്യമായി സംവിധാനം ചെയ്തത്. മൂന്നു മാസങ്ങള്‍ക്കു മുമ്പ്, ഒരു സിന്ദൂരപ്പൂവിന്റെ ഒാര്‍മയ്ക്ക്, ആണ്‍കിളിയുടെ താരാട്ട്, വീണ മീട്ടിയ വിലങ്ങുകള്‍, വാത്സല്യം,ഭീഷ്മാചാര്യ എന്നിവയാണ് ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ഹനീഫയുടെ സംവിധാന പാടവം അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു ലോഹിതദാസിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ വാത്സല്യം.

പാസ പറവയ്കള്‍, പാസ മഴയ്, പകലില്‍ പൌര്‍ണമി, പിള്ളയ് പാസം, വാസലിലെ ഒരു വെണ്ണിലാ, തുടങ്ങിയ തമിഴ് ചിത്രങ്ങളും ഹനീഫയുടെ സംവിധാനത്തില്‍ വെളളിത്തി രയിലെത്തി. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങളിലൂടെ തിരക്കഥാരംഗവും തനിക്ക് അന്യമല്ലെന്ന് ഹനീഫ തെളിയിച്ചു

താളവട്ടത്തിലെ മാനസികരോഗാശുപത്രി വാര്‍ഡന്‍, കിരീടത്തിലെ ഹൈദ്രോസ്, മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ എല്‍ദോ, കാലാപാനിയിലെ അഹമ്മദ് കുട്ടി, സൂത്രധാരനിലെ മണി അങ്കിള്‍, ഈ പറക്കുംതളികയിലെ വീരപ്പന്‍ കുറുപ്പ്, മീശമാധവനിലെ ത്രിവിക്രമന്‍, തുടങ്ങിയവ ഹനീഫയുടെ ശ്രദ്ധേയമായ റോളുകളാണ്. ദിലീപ് നായകനായ ബോഡിഗാര്‍ഡാണ് ഹനീഫ അഭിനയിച്ച് റിലീസായ അവസാനത്തെ മലയാള ചിത്രം. വിജയ് നായകനായ വേട്ടൈക്കാരന്‍ ഹനീഫ അഭിനയിച്ച് റിലീസായ അവസാനത്തെ തമിഴ് ചിത്രവും. 2001 ല്‍ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സഹനടനുളള പുരസ്കാരം നേടി.


ഏതാനും തമിഴ് ചിത്രങ്ങളും ഹനീഫയുടെ സംവിധാനത്തില്‍ വെളളിത്തിരയിലെത്തി. എന്നാല്‍ പിന്നീട് അഭിനയ രംഗത്തും തന്നെ തിളങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങളുടെ രചനയും ഹനീഫയുടെതായിരുന്നു. മഹാനദിയുള്‍പ്പെടെ എണ്‍പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ചെന്നൈയിലെ വസതിയിലായിരുന്നു താമസം. ഫാസിലയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.


(കടപ്പാട് മലയാള മനോരമ പത്രത്തില്‍ വന്ന ലേഖനം )

2 comments:

  1. എന്റെ സ്നേഹമുള്ള ഇക്കാക്ക....ഞങ്ങളുടെ പൂക്കാക്ക....അങ്ങേക്ക് മരണമില്ല...എങ്ങനെ ഞാന്‍ മറക്കും...ആ ഓര്‍മകള്‍ക്ക് മുന്നില്‍ എന്റെ കണ്ണീര്‍ മാത്രം ബാക്കി....വിട...

    ReplyDelete
  2. കിരീടത്തിലെ ഹൈദ്രോസ്‌,
    മാന്നാര്‍ മത്തായി സ്‌പീക്കിംഗിലെ എല്‍ദോ
    പഞ്ചാബി ഹൗസിലെ ബോട്ട്‌ മുതലാളി
    ഉദയപുരം സുല്‍ത്താനിലെ മൊല്ലാക്ക
    മീശമാധവനിലെ പിടലി...
    ഇങ്ങനെ നര്‍മ്മരസം ആവോളം ചാലിച്ച്‌
    എത്രയോ കഥാപാത്രങ്ങള്‍
    മലയാള പ്രേക്ഷകന്‌ സമ്മാനിച്ച വ്യക്തി....
    മ്യൂവീക്യാമറയുടെ ഫ്രെയിമിനപ്പുറമുള്ള
    ലോകത്തേക്ക്‌ യാത്രയായിരിക്കുന്നു.....

    അഭിനയം എന്തെന്ന്‌ ...
    അഭിനയിക്കാതെ ജീവിച്ച്‌ കാണിച്ചു തന്നെ
    മുരളിയും, രാജന്‍ പി ദേവും,
    ചേതനയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച
    ലോഹിതദാസും, മൂവായിരത്തോളം പാട്ടുകളില്‍
    പ്രണയമെന്ന വികാരം എല്ലാ പരിശുദ്ധിയോടെയും
    വാരി നിറച്ച പുത്തഞ്ചേരിക്കാരനും
    നമ്മോട്‌ വിടപറഞ്ഞിരിക്കും....
    ആവര്‍ത്തന വിരസതയുള്ള
    അശ്ലീലച്ചുവ മാത്രമുള്ള അബദ്ധമാണ്‌ ഹാസ്യമെന്ന്‌
    വിശ്വസിക്കുന്ന പുതുതലമുറയിലെ
    കോമിക്‌ ആര്‍ട്ടിസ്‌റ്റുകളെ സഹിക്കാം...ഇനിയുള്ള കാലം....

    ReplyDelete