Wednesday, July 13, 2011

മരണം..............

ദൂരെ നിന്നും ദിഗ്വന്ദരം പൊട്ടുന്ന നിലവിളിയുമായി
പായുന്ന വെളുത്ത വണ്ടി...
എന്റെ ഹൃദയത്തെ പിളര്‍ത്തുന്ന ചോര വെളിച്ചം...
അതിനുള്ളില്‍
മരണത്തിന്റെ നിശബ്ദതയാവില്ല...
തണുപ്പിനു കീഴ്പ്പെടുന്ന ശരീരത്തെ
പൊക്കിയെടുക്കാന്‍
ആത്മാവിനെ സംഘട്ടനം?
ഈ കുതിപ്പിന്റെ കാര്യമില്ല
അപ്പോള്‍ അത് ?
അതെ, മരണം മുട്ടി വിളിക്കുമ്പോള്‍
കൊണ്ടുപോകരുതെയെന്ന
പ്രാണന്റെ അപേക്ഷ..
അനങ്ങാത്ത കരങ്ങള്‍
സഹായം തേടി വായുവില്‍ വീശുന്നുവെന്ന
ചിന്തയോടെ ഉറക്കെ കരയാന്‍ ശ്രമിച്ചും...
പരാജയപ്പെട്ടും...
ആ വേദന
വണ്ടിയില്‍ ഇരിക്കുന്നവരിലും
പാതയുടെ പരിസരങ്ങളിലും...
മരണ ഭീതി ചുവന്ന നോട്ടവുമായി
എന്നിലേക്ക്‌...
നാളെ ഞാനോ ഇര.....

Saturday, July 9, 2011

അമ്മ.....

തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ക്കുന്നു.. അപ്പോള്‍ ഇരമ്പു കേള്‍ക്കുന്നത് സ്നേഹത്തിന്റെ പാലാഴി.

ഇപ്പോള്‍ മടക്ക യാത്രക്കൊരുങ്ങി കട്ടിലില്‍ കിടക്കുമ്പോള്‍ മാപ്പ് ചോദിക്കുകയാണ് എന്റെ അമ്മയോട് , ഈ പാപി പുറപ്പെടുമ്പോള്‍ കരുണയുടെ വെളിച്ചം അനുഗമിക്കണേ... അറിയാതെ ചെയ്ത തെറ്റുകള്‍ക്ക്.. നീ നല്‍കിയ വാല്സല്യത്തിന്റെ ആഴമറിഞ്ഞത് എത്രയോ വൈകിയിട്ടാണ്..

മുതിരുന്ന എന്നെ അങ്കലാപ്പോടെ നോക്കി നിന്നത്. താളം തെറ്റിയ നെഞ്ചിടിപ്പും...

ഇത്തിരി വൈകുമ്പോഴെക്കും വഴികണ്ണും നട്ടുള്ള നിന്റെ കാത്തിരിപ്പിന്‍ വേവലാതികള്‍ ... കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ വരച്ച നിയന്ത്രണ രേഖകളോട് ഞാന്‍ കലഹിച്ചതും പിണങ്ങി അത്താഴം വെടിഞ്ഞു കിടന്നതും.. കല്‍പ്പനകളോട് കയര്‍ത്തു ഞാന്‍ നിഷേധി ആയപ്പോള്‍ നിന്റെ പിണക്കങ്ങളുടെ രാപകലുകള്‍ ...

മുലപ്പാല്‍ ചുരത്തിയ മാറിടത്തില്‍ മാരകരോഗം പിടിമുറുക്കിയപ്പോള്‍ നിന്റെ മനസ്സിന്റെ നൊമ്പരം.., നിന്റെ നെഞ്ചില്‍ നെരിപ്പോട് പുകഞ്ഞത്.. നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത.. കാന്‍സര്‍ വാര്‍ഡിനു മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ നടുക്കിയ തീവ്രത..... ജീവിതം എന്തെന്നറിയുന്നതിനു മുന്പേ മകള്‍ മംഗല്യക്കുറി അണിഞ്ഞു കാണാന്‍ നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം.. ഞാന്‍ പടിയിറങ്ങിയപ്പോള്‍ നീ ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍.. അമ്മൂമ്മ ആയപ്പോള്‍ നിന്റെ മനസ്സിലൂറിയ വാല്സല്യതിന്‍ തിരകള്‍ ...

ഇന്നീ പോക്കുവെയിലില്‍ കിടക്കുമ്പോള്‍ മനം പിടയുന്നു... പലവട്ടം ഏകിയ മുറിപ്പാടുകള്‍ എന്നില്‍ മിഴിവോടെ...

ഒരമ്മ ആയപ്പോഴാണ് ഞാന്‍ നീയായത്. നിന്റെ അതെ വികാരങ്ങള്‍ ഏറ്റുവാങ്ങി ഞാന്‍ എന്റെ മകളിലേക്ക്... നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത തന്നെയാണ് എന്നിലും. മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ ത്രീവത അടിച്ചു കയറുന്നത് മൂക്കിലോ ആത്മാവിലോ... നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം, ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍ , നിന്റെ മനസ്സിലൂറിയ വാല്സല്യത്തി ന്റെ തിരകളും..

എന്റെ മകള്‍ പിറന്നപ്പോള്‍ എന്നില്‍ നിറഞ്ഞ കണ്ണീരിലൂടെ എന്റെ പിറവിയില്‍ ഞാന്‍ കാണാതെ പോയ നിന്റെ കണ്ണീരിനെ സ്പര്‍ശിച്ചു.

എങ്കിലും ഞാന്‍ അറിയാതെ പോകുന്നത്, പിറന്നു വീണ മകള്‍ നിലവിളിയോടെ കിടന്നതിലൂടെ എന്നെ കാണാന്‍ ശ്രമിച്ചെങ്കിലും എന്തിനായിരുന്നു ആ നിലവിളിയെന്നു ഉത്തരം കിട്ടാതെ....

പരസ്യ വിചാരങ്ങള്‍.................

രാവിലെ പത്രം വായിക്കുമ്പോള്‍ പെട്ടെന്ന് കണ്ണില്‍ തടഞ്ഞ ഒരു പരസ്യം.. ഒരു വൃദ്ധസദനത്തിന്റെ പേര് വലിയ അക്ഷരത്തില്‍ കൊടുത്തിരിക്കുന്നു.. നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത എംബ്ലവും...

" വൃദ്ധസദനത്തിലേക്കുള്ള പുതിയ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.. പരിമിതമായ സീറ്റുകള്‍ മാത്രം.. ദമ്പതികള്‍ക്ക് പ്രത്യേക താമസ സൗകര്യം.. തീരെ അവശരായവര്‍ക്കു പ്രത്യേക പരിഗണന.. ലക്ഷ്വറി സൗകര്യം വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനം ചെയ്തു കൊടുക്കും.."

വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവന്നത് എല്‍ കെ ജി, യു കെ ജി പ്രവേശനത്തിന് തല നീട്ടാറുള്ള പരസ്യമാണ്.

എന്തു പറ്റി നമ്മള്‍ മലയാളികള്‍ക്ക്? മുമ്പൊക്കെ ശക്തമായ കുടുംബബന്ധങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു..

അച്ചാച്ചന്‍ , അച്ഛമ്മ, അമ്മാച്ചന്‍ , അമ്മമ്മ, മുത്തശ്ശി തുടങ്ങി നമ്മളെ സ്നേഹിക്കാനും, ശാസിക്കാനും, നേര്‍വഴിക്കു നയിക്കാനും ഒരു പാടു പേര്‍ ... നാലും കൂട്ടി മുറുക്കി, വിളക്കിന്റെ തിരിയും തെറുത്തു, സന്ധ്യക്ക്‌ വിളക്കു കൊളുത്തി കുട്ടികളെയെല്ലാം സന്ധ്യാനാമം ചൊല്ലിക്കണ മുത്തശ്ശിമാര്‍ നമ്മുടെ വീടിന്റെ ഒരു ഐശ്വര്യം തന്നെയായിരുന്നു.. കാച്ചിയ എണ്ണയുടെയും, കുഴമ്പിന്റെയും, ഗന്ധം.. അതില്‍ തന്നെ ഒരു പ്രത്യേക സ്നേഹവും, ഗന്ധവും ഉണ്ടായിരുന്നു.. അവര്‍ പറഞ്ഞു തരുന്ന കഥകള്‍ കൌതുകവും, ഗുണപാടവും നിറഞ്ഞതായിരുന്നു.. ഒരു കെട്ടുറപ്പുണ്ടായിരുന്നു കുടുംബ ബന്ധങ്ങള്‍ക്ക്.. കാലം മാറി, സമൂഹവും.. കൂട്ട് കുടുംബങ്ങള്‍ക്ക് പകരം അണു കുടുംബങ്ങള്‍ വന്നു.. മുമ്പ് അവധി ദിവസങ്ങള്‍ ബന്ധുക്കളെ കാണാന്‍ ഉള്ളതായിരുന്നു. ഇപ്പോള്‍ ഈ യാത്രകള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കു സ്വന്തം.. അമ്മയും, അച്ഛനും മൊബൈല്‍ ഫോണില്‍ മാത്രം കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആയി തീര്‍ന്നിരിക്കുന്നു.. മുണ്ട് മുറുക്കിയുടുതും, കഷ്ട്ടപ്പാടുകള്‍ സഹിച്ചും, നമ്മളെ വളര്‍ത്തി വലുതാക്കിയ അവരോ ?? വാര്‍ദ്ധക്യത്തില്‍ ഒരു താങ്ങാവേണ്ട നമ്മള്‍ തന്നെ അവരെ തള്ളി പറയുന്നു.. അവര്‍ ആശരനര്‍ ആയി തീരുന്നു.. ചിലപ്പോള്‍ ഓര്‍ത്ത്‌ പോകുന്നു പ്ലാസ്ടിക് കൂടില്‍ നിറച്ചു തള്ളുന്ന വേസ്റ്റ് പോലെയോ അവര്‍ ! കളങ്ക പെട്ടിരിക്കുന്നു മലയാളി മനസ്സ്.. അതിനെ ചൂഷണം ചെയ്യാന്‍ കൂണ് പോലെ മുളച്ചുയരുന്ന വൃദ്ധസദനങ്ങളും..

ഇനി ഒരു മടക്കം ഇല്ല എന്ന തിരിച്ചറിവോടെ പടി ഇറക്കി വിടുന്ന മാതാ പിതാക്കള്‍ ... ഒരിക്കലെങ്കിലും മക്കള്‍ തിരിച്ചു വിളിക്കാന്‍ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ എത്രയെങ്കിലും ഉണ്ടാവാം...

ഈ പരസ്യം എഴുതിയ വിരലുകള്‍ ഒരു നിമിഷം വിറചിരിക്കുമോ, ഭാവിയില്‍ തന്നെ ഉന്നമാക്കി ഒരു പരസ്യം ഒരുങ്ങുമെന്നും തന്റെ കൊച്ചു മക്കള്‍ തന്നെ തൂക്കി വൃദ്ധസദനത്തില്‍ എത്തിക്കുമെന്ന് ഓര്‍ത്ത്‌ നടുക്കത്തോടെ ?

ഈ കുറിപ്പെഴുതുമ്പോള്‍ എന്നിലൊരു പ്രാര്തനയുണ്ട് അങ്ങനെ ഒരവസ്ഥക്ക് മുമ്പേ എല്ലാം അവസാനിക്കണേ എന്ന്..

വായിക്കുമ്പോള്‍ എന്താവും തോന്നുക? ഒരു വിറയല്‍ , ഒരു നടുക്കം?

ഒരിക്കല്‍ നമ്മളും പടിയിറക്കപ്പെടില്ലെന്നു ആരറിഞ്ഞു...

പരസ്യ വിപണി മലയാളി മനസ്സിനെ കീഴടക്കിയിരിക്കുന്നു.. സമീപ ഭാവിയില്‍ ഒരു പക്ഷെ നമ്മള്‍ ഇങ്ങനെ ഒരു പരസ്യം കണ്ടാല്‍ ഒട്ടും അതിശയപ്പെടേണ്ട...

"നിര്‍ധനരും, നിരാലംബരും ആയ പെണ്‍കുട്ടികള്‍ക്ക് ഒരു തൊഴില്‍ . ആകര്‍ഷകമായ വരുമാനം പ്രതീക്ഷിക്കാം, പത്രതാളുകളില്‍ പേരും പെരുമയും നേടാന്‍ ഒരു സുവര്‍ണാവസരം. സൌജന്യ താമസ സൗകര്യം.. ഉടന്‍ അപേക്ഷിക്കുക.. അഖില കേരള പെണ്‍ വാണിഭ സംഘം.."..

ഇങ്ങനെ കണ്ടാലും മലയാളി ഞെട്ടില്ല, പ്രതികരിക്കില്ല.. നമ്മുടെ ഹൃദയം എന്നേ കടലെടുത്തു പോയി...

Wednesday, June 29, 2011

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹമാണ്..അതിലൂടെ അവള്‍ സ്ത്രീത്വത്തിന്റെ പൂര്‍ണ്ണതയില്‍ എത്തി ചേരുന്നു..എന്നലെപ്പോള്‍ കേരളത്തില്‍ നടക്കുന്ന ആനുകാലിക സംഭവങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഒരു കുഞ്ഞിനെ പ്രസവിക്കുന്നതും തെറ്റാണോ എന്ന് ചിന്തിച്ചു പോവുകയാണ്.......മനസാക്ഷി ഇനിയും മരവിച്ചിട്ടില്ല എന്ന് .കരുതുന്ന പ്രിയ സുഹൃത്തുക്കള്‍ അറിയാന്‍ ആണ് ഈ സംഭവം ഞാന്‍ എഴുതുന്നത്‌.
നാല് മാസം പ്രായമുള്ള കുഞ്ഞു...നല്ല ആരോഗ്യം ഉണ്ടായിരുന്ന കുട്ടി കുറച്ചു ദിവസമായി നിലവിളിക്കുന്നു..മുലപ്പാല്‍ ചര്‍ദ്ദിക്കുകയും..വായില്‍ വ്രണങ്ങളും.. .. ആദ്യ പരിശോധനയില്‍ ഡോക്ടര്‍ക്ക് ഒന്നും പിടി കിട്ടിയില്ല. എങ്കിലും നാവിലെ വൃണവും, ദുര്‍ഗന്ധവും ഡോക്ടറെ മറ്റൊരു വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
കുട്ടിയെ കളിപ്പിക്കുന്നത് ആരൊക്കെ ? പരിചയക്കാര്‍ തന്നെ... കുട്ടിയെ ആരെങ്കിലും എടുത്തുകൊണ്ടു പോകാറുണ്ടോ?അടുത്ത വീട്ടിലെ പയ്യന്‍ സ്ഥിരമായി കുഞ്ഞിനെ എടുത്തു കൊണ്ട് പോവാരുള്ളത് അമ്മ സൂചിപ്പിച്ചു .. തുടര്‍ന്നുള്ള പരിശോധനയില്‍ വയറ്റില്‍ ശുക്ലത്തിന്റെ അടയാളങ്ങള്‍ കാമമായി തുറിച്ചു നോക്കി. ഞെട്ടലോടെ ഡോക്ടര്‍ .. ആ നേരം എന്ത് പറയണം എന്നറിയാതെ വിഷമിച്ചു.
മുലപ്പാല്‍ മണം ഒഴിയാത്ത നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ നാവിലേക്ക് ഫണം വിടര്‍ത്തിയ ക്രൂരമായ കാമ ചിരി.
വാദി സമൂഹത്തില്‍ അറിയപ്പെടാത്തവര്‍ , പണമില്ലാത്തവര്‍ ...
പ്രതി ഭാഗത്തിന്റെ എടുത്താല്‍ പൊങ്ങാത്ത സ്വത്തിന്റെ അഹങ്കാര വലുപ്പത്തില്‍ ഭീഷണി വിജയിച്ചു.
ആ മാതാ പിതാക്കള്‍ എന്റെ ആരുമല്ല. വായനക്കാരുടെയും ആരുമല്ല. അതുകൊണ്ട് നാം എന്തിനു അതിനു കണ്ണ് കൊടുക്കണം എന്നാവാം മലയാളി മനസ്സിന്റെ സ്വകാര്യ സംഭാഷണം....
പക്ഷെ ആ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മുഖം എന്നെ വേട്ടയാടുന്നു..

അതിന്റെ നിലവിളി എന്റെ ഉറക്കം കെടുത്തുന്നു...നമ്മുടെ നാട്ടില്‍ കുറ്റം ചെയ്യുന്നവന് എന്ത് ശിക്ഷയാണ് കിട്ടുന്നത്..എന്തിനും മാനസിക വൈകല്യം എന്നാ മുദ്ര ചാര്‍ത്തി കുറ്റവാളികള്‍ രക്ഷപ്പെടുന്നു...അമ്മമാരേ..ഒന്ന് മാത്രം ഓര്‍ക്കുക..ചെകുത്താന്മാരും, കഴുകന്മാരും,ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായകളും നമുക്ക് ചുറ്റിലും ഉണ്ട്.. സ്വന്തം മാതാ പിതാക്കളുടെ അടുക്കല്‍ മാത്രം ആണ് അവര്‍ സുരക്ഷിതര്‍..ചുറ്റിലും നടക്കുന്ന ക്രൂരതകളെ കുറിച്ച് ബോധവാന്മാര്‍ ആവുന്ന വരെയെങ്കിലും അവരെ നമ്മുടെ ചിറകിനടിയില്‍ കൊണ്ട് നടക്കുക..
അറിയാതെ പറഞ്ഞു പോകുന്നു, സ്ത്രീയെ നീ പ്രസവിക്കാതിരിക്കുക..

ഒരു കുഞ്ഞുപൈതലിന്‍ നിഷ്കളങ്കത
പൊഴിയുന്നതെപ്പോളെന്നാരു കണ്ടു
വെറുമൊരു മുഖം മൂടിയായി
മാനവജീവിതം കൂത്താടുന്നു....

Tuesday, June 28, 2011

പിറക്കാതെ പോയ കുഞ്ഞിന്റെ ഡയറി കുറിപ്പില്‍ നിന്നും

.ജൂണ്‍-15

---------

...ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പറ്റി പിടിച്ചിരിക്കുന്നു..

ജൂണ്‍-22

---------

ഇപ്പോള്‍ ഞാനൊരു കോശമായി..

ജൂലായ്‌-5

----------

അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന്‍ പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..

ജൂലായ്‌-26

------------

എനിക്കിപ്പോ അമ്മ പോഷണങ്ങള്‍ തരാന്‍ തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു അമ്മെന്നോട് നന്നായി ഭക്ഷണം കഴിക്കാന്‍..

-ആഗസ്റ്റ്‌3

----------

അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാന്, സ്കാനിങ്ങിനു പോവാന്‍..അച്ഛന്‍ അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്‍ കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്‍.. ഡോക്ടര്‍ സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില്‍ ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു..

ആഗസ്റ്റ്‌-12

-----------

എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്‍ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്‍ കൊതിയായി എനിക്ക്..

ആഗസ്റ്റ്‌-25

------------

അമ്മ വീണ്ടും സ്കാനിങ്ങിനു....അച്ഛന്‍ ചോദിക്കാ ഡോക്ടറോട് ഞാന്‍ എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന്‍ ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ എന്റെ പ്രതിഷേദം അറിയിച്ചു..ഞാന്‍ അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര്‍ പറഞ്ഞല്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്‍കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം വാടിയോന്നു എനിക്കൊരു തോന്നല്‍..അച്ഛനും അമ്മയും ഇന്നു മൌനികള്‍ ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടും

, അമ്മമ്മയോടും അച്ഛന്‍ പറയാണ്‌എനിക്ക് വളര്‍ച്ച പോരെന്നു..രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്നു..എനിക്ക് സങ്കടാവുന്നു, ഞാന്‍ കുറെ ഇളകി നോക്കി. ..ഇല്ല ന്റെ അമ്മേന്റെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്‍ കോടിയില്‍ ചുറ്റി ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി..

സെപ്റ്റംബര്‍-3

-----------------

അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്‍..ഓപ്പറേഷന്‍ ടേബിളില്‍ അമ്മയെ ഡോക്ടര്‍ സൂചി വെച്ചപ്പോള്‍, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില്‍ ഡോക്ടര്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്‍ക്ക്‌ വന്നപ്പോള്‍ ഞാന്‍ പേടിച്ചു മാറി.. എന്റെ പ്രതിഷേദം വക വെക്കാതെ എന്റെ കുഞ്ഞു കാല്‍ വിരലുകളെ അവര്‍ ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.. പിന്നെ എന്റെ കാലുകള്‍, കൈകള്‍ ഉടല്‍ എല്ലാം 15 മിനിറ്റ് കൊണ്ട് അവര്‍ കലക്കിയെടുത്തു..

നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന്‍ കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..

അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്‍പ്പടവുകള്‍ കയറി യാത്ര തുടര്‍ന്നു. ഇനിയുള്ള കുറിപ്പിന് തീയതികളില്ല. കലണ്ടര്‍ തൂങ്ങാത്ത ചുവരുകള്‍ ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...

അവിടെ എത്തിയപ്പോള്‍ എന്റെ പ്രായത്തില്‍ ഉള്ള കുറെ കുട്ടികള്‍, കുഞ്ഞു ചേച്ചിമാര്‍.. അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്‍.. അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു.. ചേച്ചിമാര്‍ കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്.. അമ്മമാരുടെ താരാട്ടില്‍ നിന്നും ഞാന്‍ കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള്‍ ആയ ചെന്നായകളെ കുറിച്ച്.

എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സും തണുത്തു.. അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി.. എന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു.. ഈ ഭൂമിയില്‍ പെണ്കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്.......

മൌനത്തിലേക്ക്‌...................

ആത്മഹത്യ ഭയമായിരുന്നു. ഭീരുത്വം കൊണ്ടല്ല.... മരണത്തില്‍ പോലും തന്റെ ആത്മാവിനെയും, ശരീരത്തെയും, വാക്കുകള്‍ കൊണ്ടു കുത്തിനോവിക്കുവാന്‍ അണി ചേര്‍ന്നവര്‍ .. അതിനു മുമ്പ് കണ്ടിരുന്ന മുഖങ്ങള്‍ അല്ല അതെന്നു മനസ്സിലായി. മുഖം മാത്രം. എല്ലാം ഒന്ന് പോലെ.. വികാരങ്ങളുടെയും വിചാരങ്ങളുടെയും ഏറ്റിറക്കമാണ് മുഖങ്ങള്‍ക്ക...ു മാറ്റം വരുത്തുന്നത് എന്ന് നീ എത്രയോ പറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ ഉള്‍പ്പെടെ... എല്ലാവരും ഉണ്ടാവുമെന്ന് അറിയാം..
എന്നിട്ടും.. മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക്‌ , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു തിരിഞ്ഞു നോക്കാതെ നടന്നു..
സ്വപ്‌നങ്ങള്‍ ആയിരുന്നവ.. വീണ്ടും ഉറപ്പിക്കാന്‍ ശ്രമിച്ചു പിന്‍വിളികളും കരച്ചിലും ഒക്കെ സ്വപ്‌നങ്ങള്‍ ബാക്കി വച്ചത്.. ക്ഷണത്തില്‍ അണയുന്നത്...
പകലോ രാത്രിയോ എന്നുറപ്പിക്കാന്‍ ആവാത്തൊരു തലത്തില്‍ ഞാന്‍ നില്‍ക്കുന്നു.
നിദ്രയുടെ രണ്ടാം യാമത്തില്‍ സ്വയം ചികഞ്ഞെടുക്കാന്‍ വിധിക്കപെട്ട നിമിഷങ്ങള്‍ക്കിടയില്‍
ഓര്‍മകളുടെ കല്‍പ്പടവുകളില്‍ ഞാന്‍ കാത്തിരുന്നത് എന്തിനെന്നറിയാതെ...
സ്മൃതിമഴ നനയാന്‍ ഒരിക്കലും നീ വരില്ലെന്നറിഞ്ഞിട്ടും..
ഇല്ല.. എനിയെനിക്കാവില്ല എന്‍ ഹൃദയ നിശിതങ്ങളെ ഒരു ചിരി കൊണ്ട് മായ്ക്കുവാന്‍ ...
മറവിയുടെ സെമിത്തേരിയില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌ ഏദനോളം പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് പ്രണയത്തിനും..
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു; നീ ഞാന്‍ തന്നെയായിരുന്നെന്ന്‌. ഒരിക്കല്‍ വിളിച്ചുപറഞ്ഞ സ്വപ്‌നങ്ങളുടെ പേരില്‍ .
നിനക്ക്‌ മാപ്പു നല്‍കുന്നു, മറവിയെ മറച്ച ഹൃദയത്തിന്റെ ആര്‍ദ്രതയുടെ പേരില്‍ ...
ഇന്നെന്റെ ചുണ്ടിലൊരു ചിരിയുണ്ട്, നിന്റെ അതെ ചിരി. ആര്‍ദ്രതയുടെ.....

Wednesday, June 22, 2011

പിച്ച വയ്ക്കാന്‍ തുടങ്ങുമ്പോള്‍ എനിക്കു പിന്നില്‍ സ്കൈല്‍ ഓങ്ങി നിഴല്‍ പോലെ അമ്മ.. കണ്ണുരുട്ടി കൊണ്ട്.. കുഞ്ഞിക്കാലുകള്‍ മുന്നോട്ടായുന്നത് ഇത്ര അളവില്‍ , നിമിഷത്തില്‍ ഇത്ര ദൂരം വെക്കണമെന്ന് ശാട്യം പിടിച്ചു കൊണ്ട്..

ഭാഷയില്ലാതെ, അമ്മിഞ്ഞപ്പാലിന്റെ മധുരമൂറുന്ന നാവിനാല്‍ ഞാന്‍ ഉള്ളില്‍ പറയുന്നുണ്ട്;..... അമ്മേ..... വാശി പിടിക്കല്ലേ,. തിടുക്കം കൂട്ടല്ലേ... ഞാനൊന്നു പിച്ച വയ്ക്കട്ടെ... നടന്നു പഠിച്ചോട്ടെ.... വളരുന്നതിനനുസരിച്ച് എന്റെ കാലടികളും, ജീവിത പാതകളും ഞാന്‍ പോലുമറിയാതെ രൂപപ്പെട്ടു കൊള്ളും