Saturday, May 28, 2011

ഒരു യാത്ര..

ഒരിക്കല്‍ അപരിചിതര്‍ ആയിരുന്നു. യാത്രയുടെ അന്ത്യത്തില്‍ പരിചിതര്‍ ആയി മാറുകയും..

അത് സൌഹൃദത്തിലേക്കും, പതുക്കെ പ്രണയത്തിലേക്കും..

തുടര്‍ന്നുള്ള യാത്രക്ക് എന്ത് മധുരം. തോളോട് തോള്‍ ചേര്‍ന്ന്, നെടുവീര്‍പ്പുകള്‍ തമ്മില്‍ ലയിച്ചു... കൈകോര്‍ത്തു നടക്കുമ്പോള്‍ അഴുക്കു കൂനയില്‍ തിമിര്‍ക്കുന്ന എലികളോട് പോലും ഇഷ്ടം തോന്നി.

ഓരോ മഴത്തുള്ളിയും കവിത വിരിയിക്കുകയും. അതുവരെ അറിയാത്ത പദങ്ങള്‍ കടലാസ്സില്‍ നിരന്നു.

വിവാഹത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ലോകം കീഴടക്കിയ പരിവേഷം. അത്താഴം പുറമേ നിന്നും. ഭാര്യം അടുക്കളയില്‍ പുക കുടിച്ചു നരകിക്കേണ്ടവളല്ല എന്ന പഴയ വാക്യം പ്രാവര്‍ത്തികമാക്കി. സിനിമ ശാലയില്‍ നിന്നും രണ്ടാമത്തെ പ്രദര്‍ശനവും കണ്ടിറങ്ങി തെരുവിന്റെ വിജനതയിലൂടെ നടക്കുമ്പോള്‍ തങ്ങളൊഴികെ മറ്റാരും ജീവിക്കുന്നില്ലെന്ന് സംസാരത്തിലൂടെ ഉറപ്പിച്ചു.

എവിടെയാണ് ഇടയ്ക്കു തങ്ങള്‍ക്കു പാളിയത്? കോടതി വരാന്തയില്‍ ഊഴം കാത്തു നില്‍ക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇഴഞ്ഞു നടുങ്ങി.

അവള്‍ അങ്ങനെ അല്ലായിരുന്നല്ലോ...

അവന്‍ അങ്ങനെ അല്ലായിരുന്നല്ലോ..

വഴി പിരിയുമ്പോള്‍ ഒരു ഭാരം ഒഴിഞ്ഞ പ്രതീതി... പിരിഞ്ഞു.. ഇനി ഒരാള്‍ മറ്റേ ആള്‍ക്ക് വേണ്ടി താഴണ്ട. നേരം വെളുക്കുമ്പോള്‍ ദുര്‍ മുഖം കണ്ടു മടുക്കണ്ട.

Sunday, May 22, 2011

സന്ധ്യ മയങ്ങി തുടങ്ങി..കിളികള്‍ കൂടണയാനും. നഗരം തിരക്കില്‍ ആണ്. ഇരുട്ടിനു കനം വെച്ച് തുടങ്ങുന്നു. കൂടണയാന്‍ വെമ്പുന്ന കിളികളില്‍ ഒന്നായി അവളും.. ചുറ്റിലും ഉയരുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നും,അര്‍ഥം വെച്ച നോട്ടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവള്‍ ചിറകടിച്ചു കൊണ്ടിരുന്നു.. ഇല്ല. നിസ്സഹായതയാണ് ചുറ്റും...അബലയാണ്, സുരക്ഷിതയല്ല താന്‍..എവിടെയാണ് അഭയം..പെണ്ണായി പിറക്കേണ്ടിയിരുന്നില്ല.. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് തന്നെ തിരിച്ചു പോവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ .. അവിടെ തന്നെ അമ്മയുടെ ചൂടും പറ്റി ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍..
മറവിയുടെ സെമിത്തേരിയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന
പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു;
...നീ ഞാന്‍ തന്നെയായിരുന്നെന്ന്‌
ഒരിക്കല്‍ വിളിച്ചുപറഞ്ഞ
സ്വപ്‌നങ്ങളുടെ പേരില്‍.
നിനക്ക്‌ മാപ്പു നല്‍കുന്നു
മറവിയെ മറച്ച ഹൃദയത്തിന്റെ
ആര്‍ദ്രതയുടെ പേരില്‍...

യാത്ര..

ആത്മഹത്യ അവള്‍ക്കു ഭയമായിരുന്നു. ഭീരുത്വം കൊണ്ടല്ല....
മരണത്തില്‍ പോലും തന്റെ ആത്മാവിനെയും, ശരീരത്തെയും, വാക്കുകള്‍ കൊണ്ടു കുത്തിനോവിക്കുവാന്‍ , പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ ഉള്‍പ്പെടെ... എല്ലാവരും ഉണ്ടാവുമെന്ന് അവള്‍ക്കറിയാം..
എന്നിട്ടും..മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക്‌ , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു ...അവള്‍ പോയി..

Thursday, October 28, 2010

ചിയേര്‍സ് .കവി അയ്യപ്പന് ആദരാഞ്ജലികള്‍

നിനക്ക് വിശന്നപ്പോള്‍
എന്റെ ഹൃദയത്തിന്റെ
പകുതി തന്നു
എന്റെ വിശപ്പിനു
നിന്റെ ഹൃദയത്തിന്റെ
പകുതി തന്നു.
ഒരു ആപ്പിളിന്റെ വിലയും രുചിയുമേ
ഹൃദയത്തിനു ഉണ്ടായിരുന്നുള്ളൂ.

ധ്രുവങ്ങള്‍..കവി അയ്യപ്പന് ആദരാജ്ഞലികള്‍

ഇതാണ് അരുന്ധതി ഉദിക്കും രാത്രി
കറുപ്പ് ഇഷ്ടമാണെങ്കില്‍ നീ
സ്വന്തമാക്കുക
ഇതാണ് എന്‍ മുഖം എരിതീ
കത്തുന്നു
വെറുപ്പ്‌ ഇഷ്ടമാണെങ്കില്‍
അറുത്തു എടുക്കുക
ഇതാണ് എന്‍ ചുരം
എകാകിക്ക് ആശ്രയം
ഇരുട്ടു ഇഷ്ടമാണെങ്കില്‍
ഈ വഴി നടക്കുക
ഇതാണ് എന്‍ പ്രേമം,ചിറകറ്റ പക്ഷി
രുചി ഇഷ്ടമായെങ്കില്‍ ഇരയാക്കി മാറ്റുക

Saturday, September 11, 2010

ഒരു ഒമ്നിയുടെ ആത്മ വിലാപം

എന്നെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. ഞാനാണ്‌ ഓംനി കാര്‍.ഒരു കാലത്ത് നിങ്ങളെല്ലാം എന്നെ ഇഷ്ടപെട്ടിരുന്നു.ഇപ്പോളും ഞാനുണ്ട് നിങ്ങളുടെ റോഡുകളില്‍. പക്ഷെ ഇപ്പോ എന്നെ ആര്‍ക്കും വേണ്ട. എന്താണ് എനിക്കുള്ള കുറവ്.സൌന്ദര്യമില്ലേ?നിങ്ങള്‍ക്ക് വേണ്ടുന്ന സൌകര്യങ്ങള്‍ ഞാന്‍ നല്‍കുന്നില്ലേ?ആകെയുള്ള ഒരു കുറവ് എ സി ഇല്ല എന്നതാണ്. അത് എന്റെ എഞ്ചിന്‍ സീറ്റിന്റെ അടിയില്‍ ആയതു കൊണ്ടല്ലേ? ബോണട്ടും ഇല്ല. 8 പേര്‍ക്ക് സുഖമായി യാത്ര ചെയ്തു കൂടെ എന്റെ കൂടെ. എന്റെ സീറ്റിന്റെ പ്രത്യേകത കാരണം നിങ്ങള്‍ക്ക് പരസ്പരം മുഖം കണ്ടു കൊണ്ട് സംസാരിച്ചു യാത്ര ചെയ്യാം. കുറെ സാധനങ്ങള്‍ കൊണ്ട് പോവാം. മോശമല്ലാത്ത മയിലെജും ഞാന്‍ തന്നിട്ടുണ്ട്. പിന്നെ ഒരു കുറ്റം പറയാനുള്ളത് മുന്‍ഭാഗം തീരെ ഇല്ലാത്തത് കൊണ്ട് അപകടം സംഭവിച്ചാല്‍ മരണ നിരക്ക് കൂടും എന്നതാണ്. അത് നിങ്ങള്‍ ഡ്രൈവ് ചെയ്യുന്നതിന്റെ കുറ്റം. അല്ലാതെ ഞാന്‍ എന്ത് പിഴച്ചു? നിങ്ങള്‍ക്ക് എപ്പോള്‍ എന്നെ വേണ്ടാതതിന്റെ കാരണം എനിക്കറിയാം. എന്റെ മോശം പ്രതിച്ചായ ആണ് കാരണം. കണ്ണില്‍ കണ്ട സിനിമാകാരെല്ലാം കൂടി എന്നെ തട്ടി കൊണ്ട് പോവുന്നതിനും, ബലാല്‍സംഗത്തിനും ആയി ഉപയോഗിച്ചു. നിങ്ങള്‍ കണ്ടിരിക്കുമല്ലോ നായിക നടന്നു പോവുന്നു. വില്ലന്മാര്‍ ഒമ്നിയില്‍ വരുന്നു. ഡോര്‍ തുറക്കുന്നു, നായികയെ തട്ടി കൊണ്ട് പോവുന്നു. എടുക്കുന്നത് കോടികള്‍ ചിലവഴിച്ച ഹൈടെക് പടമായിരിക്കും. പക്ഷെ ഈ ആവശ്യത്തിനു ഞാന്‍ വേണം. ഫലമോ എനിക്ക്ക് തട്ടി കൊണ്ട് പോവുന്ന കാര്‍ എന്ന പേരും. ഹും മടുത്തു എല്ലാം. ഇപ്പോല്‍ പോയി പോയി ഗുണ്ടാ പിരിവിനും ഞാന്‍ വേണം. ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം ഇക്കാര്യങ്ങള്‍. എന്റെ മതിപ്പ് എല്ലാരും കൂടി കളഞ്ഞു കുളിച്ചു. ഇ മാരുതിക്ക് എന്റെ ഉത്പാദനം നിര്‍ത്തി എന്നെയങ്ങ് കൊന്നൂടെ.ആര്‍ക്കും വേണ്ടാതെ ഇങ്ങനെ നില്‍ക്കുന്നതിനും ഭേദം അതാണ്. ഒരു സമാധാനം ഉള്ളത് കുട്ടികളെ സ്കൂളില്‍ കൊണ്ട് പോവാന്‍ എന്നെ ഉപയോഗിക്കുന്നു എന്നതാണ്. എന്നെങ്കിലും എന്റെ രാശി തെളിയും എന്ന ആത്മ വിശ്വാസത്തോടെ ഞാന്‍ എന്റെ പ്രയാണം തുടരട്ടെ.